Wednesday, October 15, 2008

എളേമ വിരുന്നു വന്നപ്പോള്‍ ...

ഒതയമംഗലം ജുമാ‍ത്ത് പള്ളി എന്റെ തറവാ‍ടായ കാനകുന്നത്തെ വീട്ടുമുറ്റത്ത് നിന്നു നോക്കിയാൽ കാണാം. ഖബറിസ്താനിലെ പറങ്കിമാവുകൾക്കിടയിലൂടെ ഒറ്റയടി പാത അവസാനിക്കുന്നത് ഒരു ഇടവഴിയിലേക്കാണു. അവിടെ നിന്നും ഒരു പാലം കടന്നു വേണം കാനക്കുന്നിലെ പറമ്പിലെത്താൻ. പള്ളിപറമ്പിലെ മീസാൻ കല്ലുകൾ എനിക്കു സുപരിചിതമാണെങ്കിലും മഗ് രിബ് കഴിഞു ഇരുട്ട് പരന്നാൽ അതു വഴി നടക്കാൻ എനിക്കു പേടിയാണു. ആ സമയത്തായിരിക്കും മരിച്ചുപോയ പലരെയും ഓർമ്മ വരുന്നതു. മീസാൻ കല്ലുകൾക്കും അതിനോടു ചേർന്ന് വളർന്നു വരുന്ന കള്ളി ചെടികൾക്കും രൂപ മാറ്റം വന്നു ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകമായി ഖബർസ്താൻ മാറും. ആ സമയം കാലുകൾ കുഴഞു പോകും , ഹ്രിദയമിടിപ്പ് വ്യക്തമായി കേൾക്കാം. മദ്രസയിൽ നിന്നും പഠിച്ച എല്ലാ പ്രാർഥനകളും ഉറക്കെ ചൊല്ലാനുള്ള ശ്രമം പലപ്പോഴും വിജയിക്കാറില്ല. തൊണ്ട വറ്റിവരണ്ടിരിക്കും.

ഒരിക്കൽ ആർക്കോ വേണ്ടി മുൻക്കൂട്ടി കുഴിപ്പിച്ചു വെച്ച ഖബറിൽ നിന്നും തീ ആളി കത്തുന്നു. അടുത്തുള്ള പനയിൽ നിന്നും വാവലുകൾ പറന്നു പോകുന്ന ചിറകടി ശബ്ദം. അന്നു ബോധമറ്റു വീണ എന്നെ രാത്രി ദർസു കഴിഞു വരുന്ന അയൽ വാസി അബ്ദുല്ലയാണു കണ്ടത്. രണ്ടു ദിവസം പനിയും വിറയലും വിട്ടു മാറിയില്ല. കണക്കു പമ്പിലെ കുന്നിൻ ചരുവിൽ താമസിക്കുന്ന ചന്തപ്പായിയാണു എന്നെ മന്ത്രമൂതി ശരിപ്പെടുത്തിയത്. ചന്തപ്പായി നാട്ടിൻ പുറത്തെ ഏക വൈദ്യൻ. അമ്മായിയാണു അവരെ വിളിച്ചു കൊണ്ടുവന്നത്. “ കുട്ടി എന്തോ കണ്ടു പേട്ച്യരിക്കുണു” ചന്തപ്പയി പറയുന്നു കേട്ടു.പിന്നെയും ചന്തപ്പായി കുറെ മന്ത്രം ജപിച്ചു എന്റെ മുഖത്തൂതി കൊണ്ടിരുന്നു. അയാളുടെ തുപ്പൽ എന്റെ മുഖത്തു തെറിക്കുന്നുണ്ടായിരുന്നു. പിന്നെ പാലം കടന്നു രാത്രി ഒറ്റക്കുള്ള യാത്ര ഞാൻ മതിയാക്കി. ആഴമേറിയ ആ ഇടവഴികൾ കന്നുകാലികൾക്കു മാത്രമുള്ളതായിരുന്നു. ചാണം നിരഞ വഴികൾ . പല ഭാഗത്തു നിന്നും കൂടി ചേർന്ന് ഇടവഴി അവസാനിക്കുന്നതു കുന്നിൻ പുറത്തെ വിശാലമായ മേച്ചിൽ പുറങളിൽ.

പിന്നീടു ഉമ്മ എന്നും ഓർമിപ്പിക്കും രാത്രിയായാൽ പള്ളിപറമ്പിലൂടെ നടക്കരുത്. ഒരു ദിവസം ഞാൻ ഉമ്മയോട് ഞാൻ ചോദിച്ചു “ ഖബറിൽ നിന്നും എന്താ ഉമ്മാ തീആളുന്നത് ? “


അതു ഖബറിൽ കിടക്കുന്നവരെ പടച്ചോൻ ശിക്ഷിക്കായിരിക്കും , ജി മിണ്ടാതെ പോയി കിടന്നോ ? പടച്ചോനെ എന്തൊരു തീയാ, പനയോളം ഉയരത്തിൽ.... ഞാൻ ആരൊടെന്നില്ല്ലാതെ പറഞു കൊണ്ടിരുന്നു.


വർഷങൾ കടന്നു പോയി . ഒരു ദിവസം ഹൈസ്ക്കൂ‍ളിൽ സയൻസ് പഠിപ്പിച്ചിരുന്ന റസാക്ക് മാസ്റ്ററോട് ഞാൻ ചോദിച്ചു . “ മാസ്റ്റേ ഖബറിൽ നിന്നും തീ ഉയരുന്നത് എന്താ കാരണം ?


മാസ്റ്റർ ചിരിച്ചു. “ മനുഷ്യ ശരീരം വെറും മാംസവും രക്തവും മാത്രമല്ല ഫൊസ്ഫറസു പോലെയുള്ള പല വസ്തുക്കളും അടങിയതാണു. ഫൊസ്ഫറസ് വായുമായി കൂടി ചേർന്നാൽ കത്തും. “


പിന്നെ ഓരോ വർഷവും പുതിയ അറിവുകൾ തേടിയുള്ള യാത്ര ഭയം തീരെ വിട്ടു മാറി കൊണ്ടിരുന്നു. നിലാവിൽ വാഴയിലകൾ ഇളം തെന്നലിൽ ഇളകിയാടുമ്പോൾ പ്രേതങളാണെന്ന തോന്നൽ . രാത്രി പള്ളി കാട്ടിലെ പടുമരങളിലിർരന്നു കൂമൻ മൂളിയാൽ വല്യുമ്മ പറയും “ നാളെ ആരെ റൂഹാ പിടിക്ക്യാ പടച്ചോനെ.? “ കൂമൻ മൂളുന്നതും രാത്രി പൂച്ചകൾ കടി പിടി കൂടുന്നതും നല്ലതല്ലെന്നു പഴയ ആളുകൾ പറയുമായിരുന്നു. തറവാട്ടു മുറ്റത്തെ പശു അമറുന്നതു കേട്ടാൽ , പള്ളിപറമ്പിൽ പുതുതായി മറവു ചെയ്ത ഖബറിൽ പശു കാതോർക്കുന്നതു കണ്ടാൽ ...... എതിർ പോക്കിന്റെ “വരവും പോക്കും “

ജന്തുക്കൾ മനസ്സിലാക്കുമത്രെ. ഈ പള്ളിയും പള്ളിക്കാടും ഇതു പോലെ എന്നെ കുട്ടികാലത്ത് ജിന്ന് ലൊകത്തേക്കും അഭൌദിക ലോകത്തേക്കും എത്രപ്രാവശ്യം കൂട്ടികൊണ്ടു പോയി. പാതാള ലോകത്തെ ശിക്ഷകൾ കാണിക്കുന്ന ഒരു കലണ്ടർ അന്നു വീട്ടിലെ ചുമരിൽ തൂങി കിടന്നതു ഓർമയുണ്ട്. നരകത്തിന്റെ കാവൽ കാർ ഈർച്ചവാൾ കൊണ്ടു പാപികളെ ഈർന്ന് മുറിക്കുന്ന ചിത്രം
കരുണ നിറഞ ദൈവത്തിന്റെ ചിത്രം മനസ്സിൽ ആരും വരച്ചു വെക്കാൻ ശ്രമിച്ചില്ല.


അതുകൊണ്ടു തന്നെ ബാല്യ മനസ്സിൽ കൂമനും കരിമ്പൂച്ചയും ശിക്ഷയുടെ പ്രതീകങളായി കുടിയേറി വന്നു.


അക്കരെ നിന്നും ഇടക്കു കാനക്കുന്നത്തേക്കു വിരുന്നു വരാറുള്ള ഒരു ബന്ധത്തിലെ ഏളേമയുണ്ടായിരുന്നു. അക്കരത്തെളേമ എന്നാണു ഞങൾ വിളിക്കാറ്. ആ എളേമ വരുമ്പോൾ എന്തെങ്കിലും ഒരു പൊതിയും ഉണ്ടാവും. ഒന്നുകിൽ കടലമിഠായി അല്ലെങ്കിൽ നെയ്യപ്പം. പിറ്റേ ദിവസം എളേമ പോകുമ്പോൾ ഒരു ഓട്ടമുക്കാലും തരും. വല്ലാത്ത സ്നേഹമായിരുന്നു അവർക്കു ഞങളൊട്. അതിനേക്കാളേറെ അവർ പറഞു തന്ന പഴയ കാല ഖിലാഫത്തു സംഭവങൾ. പള്ളി മിമ്പറിൽ ബ്രിട്ടീഷു പട്ടാളത്തിന്റെ വെടി യുണ്ടയുടെ പാടുകൾ ഞാൻ കണ്ടതോർക്കുന്നു. പിന്നെയും അവർ പറഞു തന്ന കഥകൾ . വേലന്കടവത്ത് പുഴ കരയില്‍ ഓലമേഞ്ഞ മണ്ണ് തേച്ച ഒരു കൊച്ചു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത് . വീടിനു ചുറ്റും ഒരു പാടു പനകള്‍ ഉണ്ടായിരുന്നു. കുറെ പ്രായ മായിട്ടും അവർ അക്കരെ വേലങ്കടവിൽ നിന്നും തോണി കയറി കാനക്കുന്നത്ത് വരുമായിരുന്നു.

അവരും കൊടിയത്തൂരിലെ പള്ളിക്കാട്ടിലേക്കു കഴിഞ വർഷം യാത്രയായി.

Sunday, October 12, 2008

ആര്യാടന്‍ അടിച്ചു പോയി ( ഫലിതം )

മുമ്പ് നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുക എന്നാല്‍ ഒരു ഉല്‍സവ പ്രതീതിയായിരുന്നു. കുട്ടികള്‍ക്ക്പ്രത്യേകിച്ചും . രാത്രി ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഗ്രാമം തിളങ്ങി നില്ക്കും .തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ സമ്മേളന നഗരിയില്‍ എത്തും .

അന്ന് വന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. ആ ദിവസം പലരും കച്ചവടം പൊടി പൊടിക്കും . ആന മയില്‍ ഒട്ടകം , നാടകുത്ത്‌ ,എല്ലാം അവിടെ ഉണ്ടാകും. ചിലര്‍ മക്കാനി തുടങ്ങും . മക്കനിയെന്നാല്‍ ഹോട്ടല്‍ തന്നെ . ഇത്തരം സമ്മേളനം ,ഉല്‍സവം ,മത പ്രഭാഷണ പരമ്പര എന്നിത്യാതികള്‍ക്ക് , മാത്രം ഹോട്ടല്‍ തുടങ്ങുന്ന ആളാണ് ആലി കാക്ക .ആലി കാക്ക അന്നും ഒരു പാടു ചോറും , കായപ്പവും , പഴം പൊരിയും ഉണ്ടാക്കി .

വിചാരിച്ച പോലെ കച്ചവടം നടന്നില്ല . എങ്കിലും കുട്ടികള്‍ക്ക് അന്ന് വെറുതെ പലഹാരങ്ങളും ചോറും ലഭിച്ചു. അതിന് ശേഷം അവര്‍ ചോദിച്ചു കൊണ്ടിരുന്നു.

" എനിയെന്നാ ബാപ്പ ആര്യാടന്‍ വരിക. ? "

പിന്നീട് നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞാല്‍ കച്ചവടം മോശമായി സാധനം ബാകിയായാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയും ആര്യാടന്‍ അടിച്ചു പോയി.

" എന്താ ഉണ്നിമോയി കാക്കേ ആര്യാടന്‍ അടിച്ചു പോയോ ? " .......

ഇപ്പോള്‍ ആര്യാടന്‍ അല്ല ഷൌക്കത്ത് വന്നാലും നാട്ടില്‍ ഒരു കുട്ടിയും മക്കാനി വെച്ചു കെട്ടാറില്ല.

മക്കാനി കഥകള്‍ വേറെ യുമുണ്ട്. ചോയിയും മക്കളുമാണ് നാട്ടിലെ പഴയ മക്കാനി നടത്തിപ്പുകാര്‍ . നോമ്പിന് പുഴയോരത്തെ കവുങ്ങിന്‍ തോപ്പിലാണ് കച്ചവടം . ഗ്രാമത്തില്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും നോമ്പിന് കിട്ടില്ല. നോമ്പ് കള്ളന്മാര്‍ക്ക് സൌകര്യമാണ് ഈ കവുങ്ങിന്‍ തോട്ടത്തിലെ മക്കാനി. ഒരു ദിവസം എന്റെ കൂട്ടുകാരന്‍ പറഞ്ഞു "വാ നമുക്കൊന്ന് പോയി നോക്കാം . "

മറച്ചു കെട്ടിയ ഓല മക്കാനിയില്‍ ചായ കുടിച്ചും ബീടി വലിച്ചും സൊറ പറയുന്ന മൂന്നു പേര്‍ . അതില്‍ ഒരാള്‍ എന്റെ അമ്മാവന്‍ തന്നെ ,പിന്നെ കൂട്ടുകാരന്റെ ബാപ്പയും . അന്ന് ഞങ്ങള്ക്ക് ചായയും പലഹാരവും പുറമെ രണ്ടു പേര്‍ക്കും കാല്‍ ഉറുപ്പിക വീതം കൈക്കൂലിയും . വീട്ടില്‍ ചെന്നും നാട്ടില്‍ ചെന്നും വിവരം ആരോടും പറയരുത്.

ചോയി ജീവിച്ചിരിപ്പില്ല .മകന്‍ ബാലന്‍ ഇപ്പോഴും ചായ പീടികയുമായി ഈ ഗ്രാമത്തില്‍ തന്നെ യുണ്ട് . കാണുമ്പോഴൊക്കെ ആ പഴയ കാല കഥകള്‍ പറയും.

Thursday, October 9, 2008

ബാങ്ക് വിളികള്‍ ഇങ്ങിനെ വേണോ ?

എന്റെ കൊച്ചു ഗ്രാമം അവിടെ മുസ്ലിം പള്ളികള്‍ എട്ടു എണ്ണം . ദിവസം അഞ്ചു നേരം എട്ടു ബാങ്ക് വിളികള്‍ . ഒരേ ഇനം താളം , അര്‍ത്ഥത്തിലും ഒരു മാറ്റമില്ല. പള്ളികള്‍ ദൈവത്തിന്റെ ഭവനം എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇവിടെ സുന്നികളുടെ പള്ളിയുണ്ട് മുജാഹിദ് , ജമാഅത്ത് ...

ഇങ്ങിനെ പങ്കു വെച്ച പള്ളികള്‍ . ഇവിടെ നിന്നും അത്യുച്ചത്തില്‍ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പടച്ച തമ്പുരാന്‍ പോലും കാതു പോതിപോകും . ഞങ്ങള്ക്ക് പെരുന്നാള്‍ പോലും ഒന്നിച്ചു ആഘോഷിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എട്ടു പള്ളികളില്‍ നിന്നും ഒരേ സമയം എട്ടു ബാന്ക് വിളികള്‍ .


പഴയ കാലത്ത് പ്രഭാതത്തില്‍ ഇരുട്ട് വിടവാങ്ങുമ്പോള്‍ കേൾക്കാറുള്ള കീര്‍ത്തനങ്ങള്‍ ...ബാന്ക് വിളികള്‍ ...എത്ര മാത്രം ആത്മ ഹര്‍ഷം .

ഇതിന് ഒരു മാറ്റം , അതിന് ഒന്നു ശ്രമിച്ചു കൂടെ . ഒരു ബാന്ക് വിളി മാത്രം സ്പീക്കര്‍ ഉപയോഗിച്ചു .

Saturday, September 27, 2008

സൂഫി പറയാത്ത കഥകള്‍

കുന്നും മലയും താണ്ടി പണ്ടെന്നോ നാടു വിട്ട അലികുഞി വർഷങാൾക്കു ശേഷം

ആത്മീയതയുടെ പച്ച പ്പുതപ്പുമായി നാട്ടിൽ തിരിച്ചെത്തി. കണ്ണുകൾക്കു നല്ല തിളക്കം . മുറ്റിവളർന്ന താടിയും മൂടിയും. ആളുകൾ പലതും പറഞു.

എന്നാൽ അലിപറഞതു മാത്രം നാട്ടിൽ കാറ്റിലൂടെ പറന്നു വന്നു . ,കറുപ്പിന്റെ , പെണ്ണിന്റെ .......മണമുള്ള കാറ്റു.

അലി സൂഫിയായി. സൂഫി പറയാത്ത കഥകൾ കുമാരൻ പറഞ്ഞു . ഇനിയതു പ്രിയനന്ദൻ നമുക്കു കാണിച്ചു തരും. അതിനും ഒരു ഭംഗി കാണും.

സൂഫി ടച്ച് ഉള്ള എന്തിനും നല്ല മർക്കറ്റാണു. സൂഫി ഗാനങൾ. എ ആർ റഹ്മാൻ തിളങുന്നതു കണ്ടില്ലേ.

Monday, September 22, 2008

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.
********* *************

Friday, September 19, 2008

മുനീറിനെ ഓര്‍ക്കുമ്പോള്‍

മുനീര്‍ എന്റെ ബാല്യകാല കൂട്ടുകാരന്‍ നോമ്പ് തുടക്കത്തില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. വയസ്സ് അമ്പതു . ജിദ്ധയിലെ എംബസി സ്കൂളില്‍ അധ്യാപകന്‍ ആയിരുന്നു. സഹിക്കാനാവാത്ത തലവേദന കാരണം പെട്ടന്ന് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഇവിടെ എത്തി രാത്രി തന്നെ കോഴിക്കോട്ടെ ബേബി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബോധം ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം
ബോധം തെളിഞ്ഞു. ആശുപത്രിയില്‍ നിന്നും വിട്ടു പോരുമ്പോള്‍ ആ മുഖത്ത് നിറയെ പ്രതീക്ഷകള്‍ ആയിരുന്നു. അല്പം വിശ്രമം മാത്രം മതിയെന്നായിരുന്നു അവന്‍ കണക്കാക്കിയത്. പക്ഷെ ദൈവം മറ്റൊന്നായിരുന്നു കണക്കു കൂടിയത് .

അന്ന് രാത്രി വീട്ടില്‍ പോയി അവന്‍ വീണ്ടും ബോധ രഹിതനായി . പിന്നെ അവന്നു ഒരിക്കലും ഉണരാന്‍ കഴിഞ്ഞില്ല. അവന്റെ ദാമ്പത്യ ജീവിതം ഒരു മഹാ പരാജയം ആയിരുന്നു. അതെന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഞാന്‍ അന്ന് ഒരു കഥ എഴുതി ഗള്‍ഫില്‍ ഒരു സോവനീരില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ അത് സത്യമായി തീര്ന്നു. അവന്‍ പറഞ്ഞു തീരാതെ വിട ചൊല്ലി. ആശുപത്രി വിട്ടു വന്ന പിറ്റേ ദിവസം ഞാന്‍ അവനുമായി കുറെ നേരം സംസാരിച്ചിരുന്നു .ഗള്‍ഫിലെ ജീവിതം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടെ വന്നു സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചതായിരുന്നു. നായര്കുഴി ഹൈസ്കൂളില്‍ നിന്നായിരുന്നു ലീവെടുത്തത് . പിന്നെ പൊട്ടിപോയ ദാമ്പത്യ ജീവിതത്തിനു പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങുകയായിരുന്നു മുനീര്‍. പ്രേമ വിവാഹത്തിന്റെ ബാക്കി ജീവിതം കൈപ്പുനീര്‍ മാത്രമായിരുന്നു. അന്ന് ഇവിടെ മുനീര്‍ സോഫിയ വിവാഹം ഒരു പാടു വിവാദം വിളിച്ചു വരുത്തിയിരുന്നു.

തലച്ചോര്‍ പോട്ടിപോയോ ? എന്തായാലും മുനീര്‍ പോയി എന്നത് സത്യം . വീണ്ടും ചീനി ചോട്ടില്‍ തളിര്‍ത്ത ഒരു പ്രണയം അതിന്റെ ദുരന്ത മുഖം ബാക്കി വെച്ചു..... ഇരുവഴിഞ്ഞി പുഴ എത്ര പ്രണയങ്ങള്‍ക്ക് സാക്ഷിയായി .
മുന്നൂരാനെ അറിയില്ലേ ബ്ലോഗന വഴി പ്രണയത്തിന്റെ പഴയ വഴിയിലൂടെ ചീനിമര ചുവട്ടില്‍ നമ്മെ കൈ പിടിച്ചു കൊണ്ടു പോയ കഥകള്‍ . കഥകള്‍ക്ക് മരണമില്ല . ആഴമുള്ള പ്രണയങ്ങള്‍ക്കും . ചീനിമരം തെയ്യത്ത്കടവതിനടുത്താണ് . അന്നത്തെ മഴയില്‍ പുഴയില്‍ വെള്ളം കയറി . മൊയ്ദീന്‍ മാത്രമല്ല എന്റെ ഒരു കൂട്ടുകാരന്‍ ഹുസൈനും അന്നു പുഴ വെള്ളം കൊണ്ടു പോയി . അവനും ഒരു പാടു നേരം ഈ ചീനി മര ചോട്ടില്‍ ആയിഷയെ കാത്ത് ഇരുന്നിട്ടുണ്ട് .
പ്രണയ ത്തിന്റെ , പ്രതീകമായി ഒരു കൊചു താജ്മഹൽ ഈ ചീനി ചുവട്ടിൽ ഉയർന്നു വന്നിട്ടുണ്ട്.


Monday, August 4, 2008

പൊതു ഇടങ്ങള്‍ നശിക്കാന്‍ അനുവദിക്കരുത്

കൌമാരത്തിലെ സയാന്ഹങ്ങള്‍ കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ പന്ത് കളിയുമായി സന്ധ്യ മയങ്ങുന്ന വരെ . സ്കൂള്‍ അവധി ദിനങളില്‍ ഇര്രുവഴിഞ്ഞി പുഴയിലൂടെ നീന്തി തുടിച്ചു , കണ്ണുകള്‍ ചുവന്നു തുടുത്തിരിക്കും വരെ . കൂടുകാരോടൊപ്പം പഞ്ചായത്ത് റോഡിലൂടെ മാങ്ങ എറിഞ്ഞു വീഴ്ത്തി നടന്ന കാലം. വീട്ടു കാരുടെ കണ്ണ് വെട്ടിച്ചു ഏതെങ്കിലും ഞായറാഴ്ചകളില്‍
രണ്ടു കിലോമീറ്റെര്‍ ദൂരം നടന്നും ഓടിയും മുക്കം പി സീ സിനിമാ കോട്ടയിലേക്ക് . എം ജി ആര്‍ സിനിമയിലെ ഇടി അനുകരിച്ച് കൂട്ടുകാരുമായി ഇടികൂടി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ , മുക്കം ചന്തയില്‍ പോയി ഉണക്കമീനും വാങ്ങി മടങ്ങി വരുന്ന ആരെങ്കിലും ബാപ്പക്ക് വിവരം എത്തിച്ചു കഴിഞ്ഞിരിക്കും . പിന്നെ അടിയുടെ പൂരം . മുറിവുകള്‍ തടവി കൊണ്ടു ഉമ്മയുടെ ഉപദേശവും ഇനി സിനിമ കാണാന്‍ പോവരുത്.
കളം മാറി കളിയും മാറി. കൂട്ടുകാരുടെ കൂട്ട് ചേരല്‍ അതൊക്കെ പഴയ ഓര്‍മ്മകള്‍
അമ്പലത്തിലെ ഉല്‍സവം, പള്ളി പെരുന്നാള്‍ . നാട്ടിലെ ക്ലബ്ബുകള്‍ എല്ലാം ഓര്‍മ്മകള്‍ .
വയലുകള്‍ മുഴുവന്‍ വാഴ കൃഷി . കൌമാരത്തിന് വഴി മാറാതെ എന്നും പണം കൊയ്യുന്ന കൃഷികള്‍ . പുഴകള്‍ മാടുകള്‍ നഷ്ടപ്പെട്ടു വിക്രതമായി ഒഴുകുന്നു . ആരും തിരിഞ്ഞു നോക്കുന്നില്ല.
ഇത്തരം പൊതു ഇടങ്ങള്‍ ഒരു ജനതയുടെ സാംസ്കാരിക നന്മകളുടെ ഉല്‍ഭവ കേന്ദ്രങ്ങളായിരുന്നു . അവിടെ പരസ്പര സ്നേഹത്തിന്റെയും സൌഹാര്ടത്ത്തിന്റെയും ഒരായിരം പൂക്കള്‍ വിടര്‍ന്നിരുന്നു. മതവും ജാതിയും വര്‍ഗ്ഗവും അതിര്‍വരമ്പുകള്‍ വരക്കാത്ത്ത ആ പൊതു ഇടങ്ങള്‍ ഇന്നും നിലനില്‍ക്കെന്ടത് നാടിന്റെ നല്ല നാളിന്നു വേണ്ടതല്ലേ . പൊതു വിദ്യാലയങ്ങള്‍ പോലും ഇന്നു സമുദായങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയല്ലേ ? പാവം സമുദായം ?? മതേതര ഇന്ത്യയില്‍ ഒരു മുസ്ലിം സ്കൂള്‍ , ക്രിസ്ത്യന്‍, ഹിന്ദു സ്കൂള്‍ . എന്തിന് ??? പൊതു ഇടങ്ങള്‍ എന്നും പൊതു ഇടങ്ങള്‍ ആയി നില്‍ക്കണമോ ?