Tuesday, April 29, 2008

മരിക്കാത്ത ഓര്‍മകള്‍......

ബാല്യകാലം മനസ്സില്‍ വരച്ചു വെച്ച നാടിന്‍റെ ഓര്‍മ്മചിത്രങ്ങള്‍ . മാറി മാറി വന്ന വര്ഷവും വേനലും ; എല്ലാം എത്ര പെട്ടന്ന് മാഞ്ഞു പോയി. ചേന്നമംഗല്ലുര്‍ എന്ന എന്റെ ജന്മനാടിന്റെ ആ പഴയകാല ലാന്റ്സ്കാപ്പുകള്‍ മനസ്സില്‍ ഒരു കുളിരായി സൂക്ഷിച്ചു വെക്കുന്നു . ബാല്യകാലത്തിന്റെ ഏറിയ പങ്കും അപഹരിച്ച ഇരുവഴിഞ്ഞി പുഴ ഇന്നു കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒന്നു സമാശ്വസിപ്പികാന്‍ പോലുമാവാതെ ഈ പ്രവാസി ഹൃദയവും തേങ്ങുന്നു. എത്ര എത്ര ചെങ്ങാടങ്ങള്‍ നാളികേരവും തേക്കിന്‍ തടികളുമായി ഇരുവഴിഞ്ഞിയിലൂടെ കല്ലായിലേക്ക് ഒഴുകി. ഓര്‍മകളില്‍ ഇന്നും വിട്ടുപിരിയാനാവാത്ത കൂട്ടുകാരന്‍ ഇരുവഴിഞ്ഞിയുടെ ദാരുണ അന്ത്യം കാണാന്‍ വയ്യ. അയമുട്ടികാക്കയുടെ പീടികയിലേക്ക് കോഴിക്കോട് നിന്നും അരിസാധനങ്ങള്‍ കൊണ്ടു വന്നിരുന്ന മൊയ്ദീന്‍കാക്കയുടെ കഴുക്കോല്‍ ഇന്നു ഇരുവഴിഞ്ഞിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നില്ല .പകരം ഏതോ നാട്ടുകാരന്റെ വെപ്പുതോണിയില്‍ നിന്നും ആഴ്ന്നുപോകുന്ന കഴ്ക്കോല്‍ ഇരുവഴിഞ്ഞിയുടെ കരളു പറിച്ചു കൊണ്ടുപോവുന്നു. തെയ്യത്തുംകടവിലെ ആലി മോന്റെ ചായക്കും പുട്ടിനും വല്ലാത്ത രുചിയായിരുന്നു .
ഇന്നത്തെ ഹൈസ്കൂള്‍ കുന്നു പഴയ കാലത്തു കണക്കുപറമ്പ് കുന്നായിരുന്നു. കണക്കന്മാര്‍ എന്ന് നാം പറയാറുള്ള ഹരിജനങ്ങള്‍ നേര്ച്ചക്ക് ഉപയോഗിച്ചിരുന്നത് ഈ കുന്നിന്‍പുറത്തെ കാവായിരുന്നു. കുന്നിന്പുറത്തെ പാറപുരത് വന്നിരിക്കാറുള്ള പറമ്പത്തായി പക്ഷികള്‍ , പാറപ്പുറത്തെ വെള്ളകെട്ടുങളില്‍ തലനീട്ടിനില്കുന്ന പേരറിയാത്ത ഒരുപാടു പൂക്കള്‍ . കാവിനുള്ളിലെ ഉത്സവവും തിറയും ,വിശാലമായ കുന്നിന്‍ പുറത്തെ പച്ചപ്പുകളില്‍ അലഞ്ഞു നടക്കുന്ന പശുക്കള്‍. ഈ കുന്നിന്‍ പുറത്തു നിന്നും നോക്കിയാല്‍ താഴെ ചാലിയാരും കൊടിയതൂരും കിഴക്കന്‍ മലകളും കാണാം.

Thursday, April 17, 2008

സീനായിലെ ജീവിതം

നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബടുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .റ്റെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍കാനാവും . ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സന്ഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു . മരുപ്പച്ച്ചയിലെ പേരറിയാത്ത ഈ മുള്‍മരത്തില്‍ ചേക്കേറാന്‍ വന്ന പക്ഷികള്‍ പ്രക്ര്തിയുമായി ഇണങ്ങി കഴിഞ്ഞിരിക്കുന്നു . തുള്ളിമഴ അബൂ മുസമ്മലിനെ പോലെ പാടാന്‍ കാരണമായി തീര്‍ന്നിരുന്നു .

റെന്റിനടുത്തു കെട്ടിയിട്ട ഒട്ടകം മുക്ര ഇടുന്നു .സീനായിലെ ഓരോ ബദുകുടുംബങ്ങള്‍ക്കും തന്റെ ഒട്ടകവും ആടിന്‍ പറ്റവും ഇന്നും ജീവന്റെ തണലായി തീരുന്നു .

ഈ മരുഭൂമിയില്‍ അബൂമുസമ്മിലും തന്റെ ഒട്ടകവും ഒരേ താളമായി പ്രക്രുതിയുമായി ഇണങ്ങിത്തീരുന്നുു
അയാള്‍ തന്റെ കുട്ടികളെ പോലെ ഒട്ടകത്തെയും സംരക്ഷിക്കുന്നു അയാള്‍ ഒട്ടകത്തോടും ഒട്ടകം അയാളോടും സംവദിക്കുന്നു.

പരന്നു കിടക്കുന്ന ഈ സീന മരുഭൂമിയിലെ കൊച്ചു മരുപ്പച്ചകള്‍ക്ക് ചുറ്റും കറങ്ങി തിരിയുന്ന അറബികള്‍ക്ക്‌ ആചാരങ്ങളും രീതികളും മാറ്റങ്ങള്‍ക്കു വിദേയമാവാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല
രാവിലെ നാലുഭാഗത്തുനിന്നും വന്നു ചേര്ന്ന ഒട്ടക കൂട്ടങ്ങള്‍ക്കൊപ്പം നവാമിസിലേക്ക് ഞങ്ങളും യാത്ര തിരിച്ചു.മണല്‍ കുന്നുകള്‍ കയറി ഇറങ്ങി യാത്ര ചെയ്‌താല്‍ മുപ്പത്തിനാല് കി.മീ.അകലെയുള്ള വിചിത്രമായ ശവ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന നവാമിസില്‍ എത്തുന്നു.

നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ഈജിപ്തിലെ പിരമിടുകളെക്കാള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നറിയുന്നു മാരിബില്‍ കണ്ടിരുന്ന ബല്കീസ് രാജ്ഞിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്ക് അടുത്തുള്ള കല്ലറകള്‍ക്കും ഇതേ രൂപമായിരുന്നു. നവാമിസിലെ ശവ്കുടീരങ്ങള്‍ക്ക് ആയിരത്തോളം വര്ഷം പഴക്കമുണ്ടെന്നറിയുന്നു. ലോകത്ത് ഏറ്റവും പഴക്കം ചെന്ന മേല്പുരയുള്ള ശവകുടീരങ്ങള്‍ ഇതു തന്നെയാണെന്നു ഗയ്ട് പറഞ്ഞു . ആരാണ് ഈ കല്ലറകള്‍ പണിതതെന്നു വ്യക്തമായ രേഖ ഇല്ല. മാരിബിലെ ശ്മശാന ഭൂമിയില്‍ നിന്നും മടങ്ങിയ രാത്രിയില്‍ ഞാന്‍ ജിന്നിനെ സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചത് ഓര്‍ത്തുപോയി. അന്ന് എന്റെ കൂടെ വന്ന അബൂസതിരിന്റെ പേടിപെടുത്തുന്ന തുറിച്ചു നില്ക്കുന്ന കണ്ണുകള്‍ ഇപ്പോഴും മനസ്സിന്റെ ഏതോ മൂലയില്‍ ഒളിച്ചു നില്‍പ്പുണ്ട്‌. ആ ഒരു ഭയം നവമിസില്‍ നിന്നും മടങ്ങുമ്പോഴും എന്നെ പിന്തുടെര്‍നുവോ ? നാലായിരത്തി അറുനൂറു വര്ഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ . അവിടെ ഒരു വലിയ പാറപ്പുറത്ത് അന്ന് ഞാന്‍ രേഖപ്പെടുത്തി വെച്ചു നജീബ് കെ .ടീ കേരളം . ഹിലാരിയെ പോലെ .

തൊട്ടടുത്തുള്ള കൈമയിലെ ബടുക്കള്‍ ഞങ്ങളെ ചായക്ക്‌ ക്ഷണിച്ചു . മരുഭൂമിയുടെ ഒന്നാന്തരം സുലൈമാനി. അവര്‍ ഒരു പാടു കഥകള്‍ പറഞ്ഞു. മരുഭൂമിയുടെ , തലമുറകള്‍ കടന്നു വന്ന കഥകള്‍ . അയല്‍പക്കത്തെ വല്യുമ്മ മലബാര്‍ ലഹള നടന്ന കാലത്തെ കഥകള്‍ പറയുമ്പോള്‍ ഉള്ള അതേ ആവേശവും വീര്യവും. പാലായനതിന്റെയും ചെരുത്തുനില്‍പ്പിന്റെയും കാലം . പ്രകൃതി മനുഷ്യനെ പാകപെടുത്തുകയാണ്. മുമ്പു പ്രകൃതിയില്‍ നിന്നും മനുഷ്യന് വേണ്ടത് ലഭിച്ചു. സ്നേഹം പങ്കു വെച്ചു. വട്ടത്തിലിരുന്നു സുലൈമാനി കുടിച്ചിരിക്കുമ്പോള്‍ കൈമയുടെ മരത്തൂണില്‍ തൂക്കിയിട്ട രവാവ ഞാന്‍ ശ്രദ്ധിച്ചു . അതൊരു സംഗീത ഉപകരണമാണ്‍ .നേര്ത്ത കമ്പിയും ആട്ടിന്‍ തോലും കൊണ്ടു നിര്‍മിച്ച രവാവ . സംഗീതവും വേട്ടയും മാത്രമാണ്‍ ഇവരുട ഏക വിനോദം . ബടൂ നാടോടി ഗാനശീലുകള്‍ ഇന്നും അറബികള്‍ ഇഷ്ട്ടപെടുന്നു. സീനയിലെ നവാമിസില്‍ ഒരു സായാന്ഹം സന്‍ഗ്ഗേതവിരുന്നിനു ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തിന്റെ നനുത്ത സ്പര്‍ഷമുള്ള വികാരതീവ്രമായ വരികള്‍ .



ഒരിക്കല്‍ മാരിബിലെ തദ്ദേശ വാസികള്‍ക്കൊപ്പം ഒരു കല്യാണ വിരുന്നില്‍ ആടി പാടാന്‍ നിര്‍ബന്ധിതനായി
ജീവിതത്തില്‍ ഒരിക്കല്‍ പോലും നൃത്തം ചവിട്ടിയിട്ടില്ലാത്ത എനിക്ക് മണിക്കൂറുകള്‍ ആടുവാനും പാടുവാനും കഴിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് അത്ഭുദമാണ്.ഇവിടെ നവാമിസില്‍ ഭാവി വധൂവരന്മാരെ തിരഞ്ഞെടുക്കുന്നത് ഇത്തരം നൃത്ത വേദികളിലാണ്. അഭിമുകമായി കുമാരികുമാരന്മാര്‍ വരി വരിയായി നിന്നുകൊണ്ടാണ്‌ ആടി പാടുന്നത് .

കാലത്തിന്റെ പ്രവാഹത്തില്‍ മരുഭൂമിയുടെ മക്കള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല . ഇവിടെ ജീവിതം എത്ര ലളിതം . ആവിശ്യങ്ങള്‍ എത്ര പരിമിതം. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ജബല്‍മൂസയിലേക്കുള്ള യാത്ര സംഘം നുവൈബയും കടന്നു പോകുന്നു. നൂറു കണക്കിനുള്ള തന്റെ ആട്ടിന്‍ പറ്റത്തെ അടുത്തുള്ള മരപച്ചകളില്‍ അലയാന്‍ വിട്ടു ഒരു കൊച്ചു മരച്ചുവട്ടില്‍ ആട്ടിടയയായ പെണ്കുട്ടി കാത്തിരുന്നു. മണല്‍ കാറ്റിനു ചൂടു കൂടിവരുന്നു ഒരുപക്ഷെ ഈ പെണ്‍കുട്ടിയും മൂസാ നബിക്ക് വെള്ളം കൊരികൊടുത്ത പെണ്‍കുട്ടിയുടെ വംശ പരമ്പരയില്‍ നിന്നാകുമോ?.........

സീനായിലെ മരുഭൂമിയുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം ...........മരുഭൂമിയില്‍ ദൈവത്തിന്റെ സൃശ്ട്ടി ചാതുര്യത്തിന്റെ അപാരമായ രേഖകള്‍ ..... ഭാവങ്ങള്‍

ഒരേ താളത്തില്‍ സൃഷ്ടാവിന്റെ വിധിയിലേക്ക് വെളിച്ചം വീശി ................... കാലത്തിന്റെ അനന്ധതയിലേക്ക് മനുഷ്യനും മരുഭൂമിയും പര്‍വതങ്ങളും ഒന്നായി ഒഴുകുന്നു.