Wednesday, July 4, 2012

ഒരു രോഗി മരണം വായിക്കുന്നു .
കാന്‍സര്‍ എന്ന മാരക രോഗത്തിന്നു അടിപ്പെട്ടു നീണ്ട രണ്ടു വര്‍ഷങ്ങള്‍, തീഷ്ണമായ പരീക്ഷണങ്ങള്‍.  മരണത്തിന്റെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു വന്ന എന്റെ ഭാര്യ ഇന്നും സന്തോഷവതിയായി ജീവിക്കുന്നു.  പലരും ഇങ്ങിനെ രക്ഷപ്പെട്ടിരിക്കെ, ഇതിലെന്താണു പ്രത്യേകത എന്നു നിങ്ങള്‍ സംശയിച്ചേക്കാം. മരണത്തിന്റെ പടിവാതിലില്‍ നിന്നു കൊണ്ടു ജീവിതത്തൊടു വിടപറയാനൊരുങ്ങുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥയെ കുറിച്ചൊന്നു നിങ്ങള്‍ ആലോചിച്ചു നോക്കൂ. അതും ജീവിച്ചു കൊതി തീരും മുമ്പെ.
പലരും ഇപ്പോഴും എനിക്കു വിളിക്കാറുണ്ടു. നിങ്ങളുടെ ഭാര്യയുടെ രോഗം എങ്ങിനെയാണു ഭേദമായതു. അവള്‍ക്കിപ്പോള്‍ യാതൊരു തകരാറുമില്ലേ ? യാതൊരു കുഴപ്പവുമില്ലെന്നു പറഞാലും ചിലര്‍ക്കു വിശ്വാസം വരില്ല. കീമോ തെറാപ്പി കഴിഞ്ഞു ഒരു ജീവശവമായി  കിടക്കുമ്പോള്‍ അന്നു അവളെ ഓപ്പറേറ്റു ചെയ്തിരുന്ന ഡോക്ടര്‍ പറഞ്ഞിരുന്നതു അങാടിയില്‍ പാട്ടായിരുന്നു. കവിഞ്ഞാല്‍ ആറു മാസം. പള്ളിപറമ്പില്‍ അവള്‍ക്കു വേണ്ടി ഒരു ഖബര്‍ വരെ തയാറാക്കി വെച്ചിരുന്നു. വീട്ടിലുള്ളവരും ഏതു സമയത്തും ഒരു ആംബുലന്‍സിന്റെ ഹോണ്‍ കാതോര്‍ത്തുനിന്നിരുന്നു. വെളുത്ത നിറമുള്ള അവള്‍ കറുത്തു കരിവാളിച്ചിരുന്നു. പലപ്പോഴും ശ്വാസം വിടാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. കീമൊ തെറാപ്പിയുടെ മരുന്നുകള്‍ തുള്ളി തുള്ളികളായി അവളുടെ നേര്‍ത്ത ഞരമ്പുകളിലേക്കു ഇറ്റിറ്റു വീഴുമ്പോള്‍ അവള്‍ ചോദിക്കും.

" ഇതൊക്കെ വെറുതെ എന്തിനാ കയറ്റുന്നതു. ഞാന്‍ ഇനിയെത്ര ദിവസം…?
അവളും ഉറപ്പിച്ചു കഴിഞിരുന്നു. ആറാമത്തെ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണു.
" ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വേറെ കല്യാണം കഴിക്കുമോ ?" അവള്‍ ചോദിച്ചു
" നീ ഇപ്പോള്‍ മരണത്തെ കുറിച്ചു ഒന്നും പറയരുത്" ഞാന്‍

ഇതു പറഞു അവള്‍ കുറെ നേരം കരയും. കൊച്ചു കുട്ടികളെ പോലെ. അവളുടെ ആദ്യത്തെ ഓപ്പറേഷന്‍ നടത്തിയിരുന്ന ബേബി ഹോസ്പിറ്റലിലെ ഡൊക്ടര്‍ ആത്മഹത്യ ചെയ്തു, പ്രഗന്‍ഭനായ ഭിഷഗ്വരനായിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊന്നൂറ്റി നാലിലാണു സംഭവത്തിന്റെ തുടക്കം. വലത്തെ ഇടുപ്പിനു താഴെയായി ഒരു ചെറിയ മുഴ. അതത്ര സാരമാക്കിയില്ല. കാരണം അതു കൊണ്ടു ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. പുറത്തെക്കു കാണുകയുമില്ല. നാട്ടിലുള്ള ഒരു സാധാരണ ഡോക്ടറെ കാണിച്ചു. അയാള്‍ ഒരു സിറിഞ്ചു കൊണ്ടു മുഴയുള്ള ഭാഗത്തു കുത്തി നോക്കി. കുഴപ്പമില്ല നീരൊന്നും കാണുന്നില്ലെന്നും പറഞു. ഞങ്ങള്‍ സമാധാനത്തോടെ തിരിച്ചു പോന്നു.
രണ്ടു മൂന്നു ദിവസം കഴിഞപ്പോള്‍ മുഴ വലുതാവാനും അവിടെ വേദന കൂടി വരാനും തുടങ്ങി. ഭാര്യാവീടു കോഴിക്കോടു തന്നെയാണു. അളിയന്‍ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും. അവര്‍ വിവരമറിഞ്ഞു കോഴിക്കൊടു ബേബി ഹൊസ്പിറ്റലില്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. അവിടെ നിന്നും മുഴ കണ്ട ഭാഗം കീറിമുറിച്ചു ബയോപ്സിക്കു അയച്ചു. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടര്‍ അലക്സാണ്ടര്‍ വിളിച്ചു അളിയനോടു പറഞു : കാര്യങ്ങള്‍ കുഴപ്പമാണെന്നു തോന്നുന്നു. റിസള്‍ട്ട് പൊസിറ്റീവു ആണു. പിന്നീടു എന്നും ടെസ്റ്റുകളും സ്കാനിങ്ങും തന്നെ. എന്റെയും സമനില തെറ്റിതുടങിയിരുന്നു. ( Sarcoma malignant ) അവളെ ഈ കാര്യം അറിയിച്ചിരുന്നില്ല. ഉടനെ ബേബിയില്‍ നിന്നും ഒരു സര്‍ജറി കഴിഞു. ഒരു ചിരട്ടവലിപ്പത്തില്‍ മാംസം എടുത്തു മാറ്റി.
ഒരാഴ്ച കഴിഞു കാണും വീണ്ടും ഒരു മുഴ രൂപം കോള്ളുന്നു. മറ്റൊരു ഭാഗത്ത്. ആദ്യം ഒപറേഷന്‍ ചെയ്ത ഭാഗം മുറിവു ഉണങുന്നുമില്ല. ഡോക്ടര്‍ അലക്സാണ്ടര്‍ അളിയനെ വിളിച്ചു പറഞു. നിങ്ങള്‍ കഴിയുന്നതും വേഗം ബാംഗ്ളൂരിലോ മദ്രാസിലോ പോയി ചികിത്സ നടത്തണം. പിറ്റേദിവസം തന്നെ ബാംഗ്ളൂരിലെക്കു പുറപ്പെട്ടു. അവിടെ ഓന്‍കൊളജിയുടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പിന്നെയും മൂന്നു ഓപ്പറേഷനുകള്‍. എല്ലാം പഴയ കീറച്ചാക്കു തുന്നികെട്ടിയ പോലെ. അവിടെ തൊട്ടടുത്തു നിന്നും മലയാളി നേഴ്സുമാര്‍ പറയുന്നതു അവളും കേട്ടു.

വെറുതെ തുന്നി കെട്ടുക തന്നെ, ഇതൊന്നും രക്ഷപ്പെടുന്ന കേസല്ല.

അന്നും അവള്‍ കുറെ കരഞ്ഞു. കരഞ്ഞു കരഞ്ഞു തൊണ്ടയടഞ്ഞു.
" എനിക്കു സങ്കടം മകളെ കുറിച്ച് മാത്രമാണു." അവളെ അന്നു എല്‍.കെ.ജി യില്‍
ചേര്‍ത്തിയ സമയം.

ബാംഗ്ളൂരിലെ ഒരു മാസ കാലത്തെ ചികിത്സക്കു ശേഷം ഞങ്ങള്‍ കോഴിക്കൊട്ടേക്കു തന്നെ മടങ്ങി. തീവണ്ടി മാര്‍ഗ്ഗമായിരുന്നു മടക്കം. പക്ഷെ വഴിയില്‍ വെച്ചു അവള്‍ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു. കൊഴിക്കോടെക്കുള്ള ദൂരം വല്ലാതെ അകന്നകന്നു പൊകുന്ന പോലെ തോന്നി. പനിയും വിറയലും ശക്തമായി. പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ഉറപ്പിച്ചു. ഇവള്‍ വീട്ടില്‍ എത്തുമെന്നു തൊന്നുന്നില്ല. ഞങ്ങള്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നും നേരെ പോയത് ബേബി ഹോസ്പിറ്റലിലേക്കായിരുന്നു. അവര്‍ക്കെല്ലാം അവളുടെ പേര് നല്ല പോലെ അറിയാമായിരുന്നു. എല്ലാവരുമായി വളരെ അടുത്തു പൊയിരുന്നു. ഉടനെ തന്നെ കീമോതെറപ്പി തുടങാന്‍ തീരുമാനിച്ചു. ഓരോ ദിവസവും അവള്‍ ക്ഷീണിച്ചും കരുവളിച്ചു വന്നു. കീമൊതെറാപ്പി കാരണം മുടിയെല്ലാം
കൊഴിഞുപോയിരുന്നു. കുട്ടികളെ കാണാന്‍ അവള്‍ക്കു ശക്തിയില്ലാതായിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളും സുഹ്രുത്തുക്കളും അവളെ കാണാന്‍ വന്നു കൊണ്ടിരുന്നു. പല സ്ത്രീകളും അവളുടെ മുമ്പില്‍ വെച്ചു തന്നെ അവളുടെ ആയുസ്സ് നിര്‍ണ്ണയിച്ചു സംസാരിച്ചു കൊണ്ടീരുന്നു. ഓരൊ ദിവസവും ഞങ്ങള്‍ എങ്ങിനെയായിരുന്നു കഴിച്ചു കൂട്ടിയതു പറയാന്‍ വയ്യ.
അങ്ങിനെ ഒരു മാസത്തിലധികമായി കാണും. ഡോക്ടര്‍ പറഞു ഇനി വീട്ടില്‍ പൊയി നില്‍ക്കാം. സൂചിവെക്കാന്‍ പൊലും ഒരു ഞരമ്പും കിട്ടാത്ത രൂപത്തില്‍ അവള്‍ ശോഷിച്ചു പോയിരുന്നു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കൊണ്ടു ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി. പിന്നീടു ദൈവത്തെ വിളിച്ചു പ്രാര്‍ത്തിച്ചു.
ചെറിയ മോള്‍ ഒന്നു വലുതാകുന്ന വരെയെങ്കിലും ഇവളുടെ ആയുസ്സ് നീട്ടി കൊടുക്കേണമേ.
ആയുര്‍വേധവും, യൂനാനിയും മാറി മാറി പരീക്ഷിച്ചു കോണ്ടിരുന്നു. ഒരു സ്നേഹിതന്റെ ഉപദേശ പ്രകാരം ത്രിശൂരിലുള്ള പ്രൊഫസര്‍ ഉല്പാക്ഷന്റെ ഗാന്ധി പ്രക്രിതി ചികിത്സാ കേന്ദ്രത്തിലേക്കു പുറപ്പെട്ടു. അവിടെയും നാല്‍പ്പതു ദിവസം മണ്ണു തേപ്പും വെയിലു കൊള്ളലും ചികത്സക?
തുടര്‍ന്നു. കുറെയധികം മാറ്റങ്ങള്‍ ഈ ദിവസങ്ങളിലും ഉണ്ടായി. കരുവാളിച്ച നിറം പഴയ
രൂപത്തിലേക്കു മാറി വന്നു. തീര്‍ത്തും സസ്യഭുക്കായിട്ടായിരുന്നു തിരിച്ചു വരവു. വേവിച്ച ആഹാരം തീരെ കുറവ്. പച്ചില നീരുകള്‍ രണ്ടു നേരം. അതിനിടക്കാണു കര്‍ണാടകയില്‍ ഒരു സിദ്ധന്‍ പച്ചില മരുന്നു മന്ത്രിച്ചു കൊടുക്കുന്നെണ്ടെന്നു കേട്ടതു. ഒരു സുഹ്രുത്തിനേയും കൂട്ടി കുടകു വഴി അവിടെക്കു യാത്ര പുറപ്പെട്ടു. ഒരു ദിവസത്തെ യാത്രക്കു ശേഷം ആ സ്ഥലത്തെത്തി. ഒരു മലയാളിയാണു ഈ സിദധന്‍. നല്ല ത്തിരക്കായിരുന്നു. കഷായമുണ്ടാക്കി കുടിക്കാന്‍ ഒരു കൂട്ടൂ മരുന്നു.
വിശ്വാസമില്ലെങ്കിലും ഏതു മരുന്നും പരീക്ഷിക്കുകയായിരുന്നു ആ സമയം. റേഡിയേഷന്‍ ചെയ്യാത്തതിനു പലരും എന്നോടു പരിഭവം കാണിച്ചു. ഇനിയും കരിച്ചു കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. മുറിവുകള്‍ ഉണങ്ങി തുടങ്ങി. അവളുടെ മൂഖത്തും നേരിയ പുഞ്ചിരി കണ്ടപ്പോള്‍ എനിക്കും എന്തന്നില്ലാത്ത സന്തോഷം തോന്നി.
അതിനിടയില്‍ അവള്‍ ഒരു ആണ്‍ കുട്ടീയെ പ്രസവിച്ചു. വിവരമറിഞ്ഞ് അവളെ ചികിത്സിച്ച ഡോക്ടര്‍ :
" ഇറ്റ് ഇസ് എ മിറാക്കിള്‍ " .
നീണ്ട പതിനാറു വര്‍ഷങ്ങള്‍ കടന്നു പോയി. മകളുടെ വിവാഹം കഴിഞു. ഇടക്കു ഞാനവളോട് ചോദിച്ചു
" നീ പടച്ചവനോട് സമര്‍പ്പിച്ച ഹരജി ,പത്തു ആണ്ടുകളുടെ ആയുസ്സ് നിനക്കു നീട്ടി തന്നിരിക്കുന്നു. "
അവളുടെ മരുപടി " ഇനി മകളുടെ ഒരു കുട്ടിയെ കൂടി കാണാനായി ഒരു മോഹം കൂടീ"
ഒരു വല്യുമ്മയാകണം        
" ദൈവമേ നിന്റെ ഓരോ പരീക്ഷണങ്ങള്‍.