Friday, October 31, 2008

ഏറനാടന്‍ പെണ്ണ്

കലയും സാഹിത്യവും സാമൂഹ്യ ജീവിതത്തിൽ മുൻ കാലങ്ങളിൽ വരുത്തി വെച്ച മാറ്റങ്ങൾ അനവധിയാണു. നാട്ടിൻ പുറങ്ങളിലെ കൊഴ്ത്തൊഴിഞ വയലുകളിലും വെളിപറമ്പുകളിലും നാടകങ്ങളും ഗാനമേളകളും അരങ്ങേറിയപ്പോൽ വ്യക്തമായ സന്ദേശം സമൂഹത്തിനു കൈമാറിയിരുന്നു. ഇടതു പക്ഷത്തിന്റെ നാടകങ്ങളും മറ്റും സാമൂഹ്യരംഗത്തു മഹത്തായ വിപ്ലവങളാണു കാഴ്ച്ച വെച്ചതു. എന്റെ കൊച്ചു ഗ്രാമമായ ചേന്നമംഗല്ലൂരിൽ പോലും അക്കാലത്ത് സമുദായത്തിൽ അനാചാരങൾ ഉപേക്ഷിക്കാൻ കലാ രംഗം ഉപകരിച്ചിരുന്നു. മാപ്പിള സ്ത്രീകൾ അന്നു കാതു കുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. രണ്ടു ചെവിയും നിറയെ ചിറ്റുകൾ അണയുക, അതിനു വേണ്ടി ചെറുപ്രായത്തിൽ തന്നെ കാതു കുത്തും. ചെവി നിറയെ ദ്വാരങ്ങൾ . ഒരിക്കൽ യു. കെ ഇബ്രാഹിം എന്ന ഒരാൾ ഈ സമ്പ്രദായത്തെ കളിയാക്കി ഒരു ഗാനം രചിച്ചു . ഈ ഗാനം ഏറെ പ്രശസ്തമായി. അതോടെ സാവകാശം ഈ രീതി നാട്ടിൽ നിന്നും എടുത്തു പോയി. അതു പോലെ വസ്ത്ര ധാരണയിലും മുസ്ലിം സ്ത്രീകൾ വ്യത്യസ്തരായിരുന്നു. വെള്ള കാച്ചി എന്നറിയപ്പേടുന്ന തുണിയും ഉടുത്തായിരുന്നു നടപ്പ്. പുറത്തിറങ്ങുമ്പോൾ ഈ തുണി കാറ്റിൽ പറക്കാൻ തുടങ്ങും. പിന്നെ പെണ്ണിനു വേവലാതി. കയ്യിലെ അല്പാ കുട ഒരു ഭാഗത്തേക്കും തുണി മേലൊട്ടും പാറാൻ തുടങ്ങും. പിന്നെ ആകെ അങ്കലാപ്പ് തന്നെ. ഇതല്ലാം വളരെ സരസമായി യു. കെ എന്ന കവി തന്റെ ഗാനങ്ങളിൽ ഉൾപെടുത്തി അവതരിപ്പിച്ചു. എത്ര പെട്ടെന്നായിരുന്നു മാറ്റം. വെള്ളകാച്ചിക്കുള്ളിൽ അടിവസ്ത്രം ധരിക്കാൻ തുടങ്ങിയ ചരിത്ര കഥ അങ്ങിനെ.

ഇരുവഴിഞി പുഴയിൽ ഗ്രാമത്തിലെ പെണ്ണുങ്ങൾ കുളിക്കാൻ വരും . ഓരോ കടവിലും നല്ല തിരക്കായിരിക്കും . മഞ്ഞിൽ വിരിഞ്ഞ പ്രഭാതങ്ങളിൽ വയലിലൂടെ ഇടവഴികളിലൂ‍ടെ ചുരുട്ടി മടക്കിയ പായകെട്ടുമായി കുളിക്കാൻ പോകുന്ന സ്ത്രീകൾ ഒരു പതിവ് ഗ്രാമീണ കാഴ്ചയായിരുന്നു. കുളികടവിൽ കുളി ഒരു മറയുമില്ലാതെ. ഒരിക്കൽ കൊടിയത്തൂരിലുള്ള എന്റെ ഒരു സുഹ്രുത്തു ഒരു ഗാനമേളയിൽ അവതരിപ്പിച്ചു.

“ കൂർത്തതും കുനുത്തതും “ ഏറനാടൻ പെണ്ണിന്റെ മുലകൾ . ശരിക്കും ഫലിച്ചു കടവുകളിൽ കുളിമറകൾ ഉയരാൻ തുടങ്ങി. ഇങ്ങിനെ മാറ്റങ്ങൾ എത്ര.

ഒരു മത പ്രഭാഷണങ്ങൾക്കും സാധിച്ചെടുക്കാൻ കഴിയാത്ത കാര്യങളാണു കലാ പരിപാടിയിലൂടെ സാധിച്ചെടുത്തത്. ഇന്നും പിടികൊടുക്കാതെ രക്ഷപ്പെടുന്ന ഒരു വില്ലൻ സ്ത്രീധന സമ്പ്രദായം മാത്രം. എല്ലാ കഥയും കഥാപ്രസംഗവും അവിടെ വിലപ്പോവുന്നില്ല.

Monday, October 20, 2008

ആരാപ്പു പൂള നട്ടത് പോലെ .... ( ഗ്രാമ ഫലിതം )

നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും കൊടി കുത്തി വാഴുന്ന കാലം. ജോലിയൊന്നും ഇല്ലാതെ യുവാക്കള്‍ അലഞ്ഞു നടക്കുകയാണ്. കാര്യമായ ജോലി കൂപ്പില്‍ പണിയാണ്. മലയില്‍ പോയി മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചു വരൂ. അന്ന് വാഹനങ്ങള്‍ നന്നേ കുറവ്. അതുകൊണ്ടു തന്നെ ഡ്രൈവിങ്ങ് അറിയുന്നവര്‍ ഇല്ല . നാട്ടില്‍ ഒരേ ഒരു ഡ്രൈവര്‍ ആരാപ്പു മാത്രമാണ്. അത് കൊണ്ടു മൂപ്പിലാന്‍ മറ്റു ജോലിയൊന്നും ചെയ്യാറുമില്ല. അന്ന് ആരോ ചോദിച്ചു " അല്ല ആരാപൂ നിനക്കു പണിയൊന്നുമില്ല ,എന്നാല്‍ പിന്നെ അൽ‌പ്പം പൂള നട്ടുകൂടെ ? ( പൂള യെന്നാൽ കപ്പ യാണു ചിലേടത്തു). ആരാപ്പുവിന്റെ മറുപടി.
“ ഇന്നു നട്ടാൽ നാളെ മുളക്കൊ എന്നാൽ നടാമായിരുന്നു “
കാത്തിരിക്കാൻ ഒന്നും എനിക്കാവില്ല.

ഇപ്പോഴത്തെ ആരാപ്പുമാർ അതിലും കേമം. ചക്കിങൽ കാരൻ എന്ന ആശാനോട് ഇതേ ചോദ്യം ചോദിച്ചാൽ പറയും “അധ്വാനിച്ചു തിന്നുക ഒരു കഴിവല്ല. “
ജീവിതത്തിൽ ഇതു വരെ ഒരു തൊഴിലും കാര്യമായി ഇയാൾ ചെയ്തിട്ടില്ല.
പിന്നെ പിന്നെ അതൊരു പ്രയോഗമായി നാട്ടിൽ. ആരാപ്പു പൂള നട്ടില്ലെങ്കിലും ജനം പറയാൻ തുടങി
ആരാപ്പു പൂള നട്ട പോലെ . ഇതെ പോലെ നാട്ടിനു സമീപത്തുള്ള മുക്കം പ്രദേശത്തു മറ്റൊരു ഡ്രൈവർ ഉണ്ടായിരുന്നു. ഉണ്ണീരി കുട്ടി. അന്നു മുക്കത്തു ഒരു ജീപ്പ് മാത്രമെ ഉള്ളു. ഹാജിയാർക്ക് അതു ചീപ്പാണു. ഒരിക്കൽ ഹാജിയാരും ഉണ്ണീരികുട്ടിയും മലയിൽ പോവുമ്പോൾ ജീപ്പിന്നുള്ളിൽ നിന്നും ഒരു ശബ്ദം
“ എന്താ ഉണ്ണീര്യെ ഒരു ഒച്ച. ? “
ഉണ്ണീരി “ ഹാജ്യാരാപ്പിളെ അതു ഗീറു മാറ്റിയതു കൊണ്ടാ..”
പിന്നെ ഒരു കാര്യം “ ജ് ഇന്നോടു ചോദിക്കാതെ ഗീറും മറ്റും മാറ്റണ്ട ട്ടോ , പെരുത്തു കായിന്റെ ചെലവുള്ള പണിയാ ഇതു ? “
ഒരു പാടു ഫലിതങ്ങൾ പറഞ്ഞു പോയ ഇത്തരം ആളുകൾ ഇനിയുമുണ്ടു ഈ ഗ്രാമത്തിൽ ധാരാളം.
ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന കഥകൾ. കഥാപാത്രങ്ങൾ വിടവാങ്ങിയെങ്കിലും കഥകൾ ബാക്കി നിൽക്കുന്നു ഈ ഗ്രാമത്തിന്റെ ചുണ്ടുകളിൽ. ദാരിദ്ര്യം കാർന്നു തിന്ന ജീവിതങ്ങൾ അല്പ കാലത്തേക്കാണെങ്കിലും ഒരു പാടു നർമങ്ങൾ മനസ്സിൽ കൊണ്ടു നടന്നവരായിരുന്നു. നിഷ്ക്കളങ്ക ജീവിതത്തിന്റെ മറ്റൊരു കാണാപ്പുറം തേടി നടക്കാൻ ബഹു രസമാണ്. ജീവിതം ഇന്നു ഇത്തരത്തിൽ വല്ല നർമങ്ങളും ബാക്കി വെക്കുന്നുണ്ടോ ?.

Wednesday, October 15, 2008

എളേമ വിരുന്നു വന്നപ്പോള്‍ ...

ഒതയമംഗലം ജുമാ‍ത്ത് പള്ളി എന്റെ തറവാ‍ടായ കാനകുന്നത്തെ വീട്ടുമുറ്റത്ത് നിന്നു നോക്കിയാൽ കാണാം. ഖബറിസ്താനിലെ പറങ്കിമാവുകൾക്കിടയിലൂടെ ഒറ്റയടി പാത അവസാനിക്കുന്നത് ഒരു ഇടവഴിയിലേക്കാണു. അവിടെ നിന്നും ഒരു പാലം കടന്നു വേണം കാനക്കുന്നിലെ പറമ്പിലെത്താൻ. പള്ളിപറമ്പിലെ മീസാൻ കല്ലുകൾ എനിക്കു സുപരിചിതമാണെങ്കിലും മഗ് രിബ് കഴിഞു ഇരുട്ട് പരന്നാൽ അതു വഴി നടക്കാൻ എനിക്കു പേടിയാണു. ആ സമയത്തായിരിക്കും മരിച്ചുപോയ പലരെയും ഓർമ്മ വരുന്നതു. മീസാൻ കല്ലുകൾക്കും അതിനോടു ചേർന്ന് വളർന്നു വരുന്ന കള്ളി ചെടികൾക്കും രൂപ മാറ്റം വന്നു ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകമായി ഖബർസ്താൻ മാറും. ആ സമയം കാലുകൾ കുഴഞു പോകും , ഹ്രിദയമിടിപ്പ് വ്യക്തമായി കേൾക്കാം. മദ്രസയിൽ നിന്നും പഠിച്ച എല്ലാ പ്രാർഥനകളും ഉറക്കെ ചൊല്ലാനുള്ള ശ്രമം പലപ്പോഴും വിജയിക്കാറില്ല. തൊണ്ട വറ്റിവരണ്ടിരിക്കും.

ഒരിക്കൽ ആർക്കോ വേണ്ടി മുൻക്കൂട്ടി കുഴിപ്പിച്ചു വെച്ച ഖബറിൽ നിന്നും തീ ആളി കത്തുന്നു. അടുത്തുള്ള പനയിൽ നിന്നും വാവലുകൾ പറന്നു പോകുന്ന ചിറകടി ശബ്ദം. അന്നു ബോധമറ്റു വീണ എന്നെ രാത്രി ദർസു കഴിഞു വരുന്ന അയൽ വാസി അബ്ദുല്ലയാണു കണ്ടത്. രണ്ടു ദിവസം പനിയും വിറയലും വിട്ടു മാറിയില്ല. കണക്കു പമ്പിലെ കുന്നിൻ ചരുവിൽ താമസിക്കുന്ന ചന്തപ്പായിയാണു എന്നെ മന്ത്രമൂതി ശരിപ്പെടുത്തിയത്. ചന്തപ്പായി നാട്ടിൻ പുറത്തെ ഏക വൈദ്യൻ. അമ്മായിയാണു അവരെ വിളിച്ചു കൊണ്ടുവന്നത്. “ കുട്ടി എന്തോ കണ്ടു പേട്ച്യരിക്കുണു” ചന്തപ്പയി പറയുന്നു കേട്ടു.പിന്നെയും ചന്തപ്പായി കുറെ മന്ത്രം ജപിച്ചു എന്റെ മുഖത്തൂതി കൊണ്ടിരുന്നു. അയാളുടെ തുപ്പൽ എന്റെ മുഖത്തു തെറിക്കുന്നുണ്ടായിരുന്നു. പിന്നെ പാലം കടന്നു രാത്രി ഒറ്റക്കുള്ള യാത്ര ഞാൻ മതിയാക്കി. ആഴമേറിയ ആ ഇടവഴികൾ കന്നുകാലികൾക്കു മാത്രമുള്ളതായിരുന്നു. ചാണം നിരഞ വഴികൾ . പല ഭാഗത്തു നിന്നും കൂടി ചേർന്ന് ഇടവഴി അവസാനിക്കുന്നതു കുന്നിൻ പുറത്തെ വിശാലമായ മേച്ചിൽ പുറങളിൽ.

പിന്നീടു ഉമ്മ എന്നും ഓർമിപ്പിക്കും രാത്രിയായാൽ പള്ളിപറമ്പിലൂടെ നടക്കരുത്. ഒരു ദിവസം ഞാൻ ഉമ്മയോട് ഞാൻ ചോദിച്ചു “ ഖബറിൽ നിന്നും എന്താ ഉമ്മാ തീആളുന്നത് ? “


അതു ഖബറിൽ കിടക്കുന്നവരെ പടച്ചോൻ ശിക്ഷിക്കായിരിക്കും , ജി മിണ്ടാതെ പോയി കിടന്നോ ? പടച്ചോനെ എന്തൊരു തീയാ, പനയോളം ഉയരത്തിൽ.... ഞാൻ ആരൊടെന്നില്ല്ലാതെ പറഞു കൊണ്ടിരുന്നു.


വർഷങൾ കടന്നു പോയി . ഒരു ദിവസം ഹൈസ്ക്കൂ‍ളിൽ സയൻസ് പഠിപ്പിച്ചിരുന്ന റസാക്ക് മാസ്റ്ററോട് ഞാൻ ചോദിച്ചു . “ മാസ്റ്റേ ഖബറിൽ നിന്നും തീ ഉയരുന്നത് എന്താ കാരണം ?


മാസ്റ്റർ ചിരിച്ചു. “ മനുഷ്യ ശരീരം വെറും മാംസവും രക്തവും മാത്രമല്ല ഫൊസ്ഫറസു പോലെയുള്ള പല വസ്തുക്കളും അടങിയതാണു. ഫൊസ്ഫറസ് വായുമായി കൂടി ചേർന്നാൽ കത്തും. “


പിന്നെ ഓരോ വർഷവും പുതിയ അറിവുകൾ തേടിയുള്ള യാത്ര ഭയം തീരെ വിട്ടു മാറി കൊണ്ടിരുന്നു. നിലാവിൽ വാഴയിലകൾ ഇളം തെന്നലിൽ ഇളകിയാടുമ്പോൾ പ്രേതങളാണെന്ന തോന്നൽ . രാത്രി പള്ളി കാട്ടിലെ പടുമരങളിലിർരന്നു കൂമൻ മൂളിയാൽ വല്യുമ്മ പറയും “ നാളെ ആരെ റൂഹാ പിടിക്ക്യാ പടച്ചോനെ.? “ കൂമൻ മൂളുന്നതും രാത്രി പൂച്ചകൾ കടി പിടി കൂടുന്നതും നല്ലതല്ലെന്നു പഴയ ആളുകൾ പറയുമായിരുന്നു. തറവാട്ടു മുറ്റത്തെ പശു അമറുന്നതു കേട്ടാൽ , പള്ളിപറമ്പിൽ പുതുതായി മറവു ചെയ്ത ഖബറിൽ പശു കാതോർക്കുന്നതു കണ്ടാൽ ...... എതിർ പോക്കിന്റെ “വരവും പോക്കും “

ജന്തുക്കൾ മനസ്സിലാക്കുമത്രെ. ഈ പള്ളിയും പള്ളിക്കാടും ഇതു പോലെ എന്നെ കുട്ടികാലത്ത് ജിന്ന് ലൊകത്തേക്കും അഭൌദിക ലോകത്തേക്കും എത്രപ്രാവശ്യം കൂട്ടികൊണ്ടു പോയി. പാതാള ലോകത്തെ ശിക്ഷകൾ കാണിക്കുന്ന ഒരു കലണ്ടർ അന്നു വീട്ടിലെ ചുമരിൽ തൂങി കിടന്നതു ഓർമയുണ്ട്. നരകത്തിന്റെ കാവൽ കാർ ഈർച്ചവാൾ കൊണ്ടു പാപികളെ ഈർന്ന് മുറിക്കുന്ന ചിത്രം
കരുണ നിറഞ ദൈവത്തിന്റെ ചിത്രം മനസ്സിൽ ആരും വരച്ചു വെക്കാൻ ശ്രമിച്ചില്ല.


അതുകൊണ്ടു തന്നെ ബാല്യ മനസ്സിൽ കൂമനും കരിമ്പൂച്ചയും ശിക്ഷയുടെ പ്രതീകങളായി കുടിയേറി വന്നു.


അക്കരെ നിന്നും ഇടക്കു കാനക്കുന്നത്തേക്കു വിരുന്നു വരാറുള്ള ഒരു ബന്ധത്തിലെ ഏളേമയുണ്ടായിരുന്നു. അക്കരത്തെളേമ എന്നാണു ഞങൾ വിളിക്കാറ്. ആ എളേമ വരുമ്പോൾ എന്തെങ്കിലും ഒരു പൊതിയും ഉണ്ടാവും. ഒന്നുകിൽ കടലമിഠായി അല്ലെങ്കിൽ നെയ്യപ്പം. പിറ്റേ ദിവസം എളേമ പോകുമ്പോൾ ഒരു ഓട്ടമുക്കാലും തരും. വല്ലാത്ത സ്നേഹമായിരുന്നു അവർക്കു ഞങളൊട്. അതിനേക്കാളേറെ അവർ പറഞു തന്ന പഴയ കാല ഖിലാഫത്തു സംഭവങൾ. പള്ളി മിമ്പറിൽ ബ്രിട്ടീഷു പട്ടാളത്തിന്റെ വെടി യുണ്ടയുടെ പാടുകൾ ഞാൻ കണ്ടതോർക്കുന്നു. പിന്നെയും അവർ പറഞു തന്ന കഥകൾ . വേലന്കടവത്ത് പുഴ കരയില്‍ ഓലമേഞ്ഞ മണ്ണ് തേച്ച ഒരു കൊച്ചു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത് . വീടിനു ചുറ്റും ഒരു പാടു പനകള്‍ ഉണ്ടായിരുന്നു. കുറെ പ്രായ മായിട്ടും അവർ അക്കരെ വേലങ്കടവിൽ നിന്നും തോണി കയറി കാനക്കുന്നത്ത് വരുമായിരുന്നു.

അവരും കൊടിയത്തൂരിലെ പള്ളിക്കാട്ടിലേക്കു കഴിഞ വർഷം യാത്രയായി.

Sunday, October 12, 2008

ആര്യാടന്‍ അടിച്ചു പോയി ( ഫലിതം )

മുമ്പ് നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുക എന്നാല്‍ ഒരു ഉല്‍സവ പ്രതീതിയായിരുന്നു. കുട്ടികള്‍ക്ക്പ്രത്യേകിച്ചും . രാത്രി ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഗ്രാമം തിളങ്ങി നില്ക്കും .തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ സമ്മേളന നഗരിയില്‍ എത്തും .

അന്ന് വന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. ആ ദിവസം പലരും കച്ചവടം പൊടി പൊടിക്കും . ആന മയില്‍ ഒട്ടകം , നാടകുത്ത്‌ ,എല്ലാം അവിടെ ഉണ്ടാകും. ചിലര്‍ മക്കാനി തുടങ്ങും . മക്കനിയെന്നാല്‍ ഹോട്ടല്‍ തന്നെ . ഇത്തരം സമ്മേളനം ,ഉല്‍സവം ,മത പ്രഭാഷണ പരമ്പര എന്നിത്യാതികള്‍ക്ക് , മാത്രം ഹോട്ടല്‍ തുടങ്ങുന്ന ആളാണ് ആലി കാക്ക .ആലി കാക്ക അന്നും ഒരു പാടു ചോറും , കായപ്പവും , പഴം പൊരിയും ഉണ്ടാക്കി .

വിചാരിച്ച പോലെ കച്ചവടം നടന്നില്ല . എങ്കിലും കുട്ടികള്‍ക്ക് അന്ന് വെറുതെ പലഹാരങ്ങളും ചോറും ലഭിച്ചു. അതിന് ശേഷം അവര്‍ ചോദിച്ചു കൊണ്ടിരുന്നു.

" എനിയെന്നാ ബാപ്പ ആര്യാടന്‍ വരിക. ? "

പിന്നീട് നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞാല്‍ കച്ചവടം മോശമായി സാധനം ബാകിയായാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയും ആര്യാടന്‍ അടിച്ചു പോയി.

" എന്താ ഉണ്നിമോയി കാക്കേ ആര്യാടന്‍ അടിച്ചു പോയോ ? " .......

ഇപ്പോള്‍ ആര്യാടന്‍ അല്ല ഷൌക്കത്ത് വന്നാലും നാട്ടില്‍ ഒരു കുട്ടിയും മക്കാനി വെച്ചു കെട്ടാറില്ല.

മക്കാനി കഥകള്‍ വേറെ യുമുണ്ട്. ചോയിയും മക്കളുമാണ് നാട്ടിലെ പഴയ മക്കാനി നടത്തിപ്പുകാര്‍ . നോമ്പിന് പുഴയോരത്തെ കവുങ്ങിന്‍ തോപ്പിലാണ് കച്ചവടം . ഗ്രാമത്തില്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും നോമ്പിന് കിട്ടില്ല. നോമ്പ് കള്ളന്മാര്‍ക്ക് സൌകര്യമാണ് ഈ കവുങ്ങിന്‍ തോട്ടത്തിലെ മക്കാനി. ഒരു ദിവസം എന്റെ കൂട്ടുകാരന്‍ പറഞ്ഞു "വാ നമുക്കൊന്ന് പോയി നോക്കാം . "

മറച്ചു കെട്ടിയ ഓല മക്കാനിയില്‍ ചായ കുടിച്ചും ബീടി വലിച്ചും സൊറ പറയുന്ന മൂന്നു പേര്‍ . അതില്‍ ഒരാള്‍ എന്റെ അമ്മാവന്‍ തന്നെ ,പിന്നെ കൂട്ടുകാരന്റെ ബാപ്പയും . അന്ന് ഞങ്ങള്ക്ക് ചായയും പലഹാരവും പുറമെ രണ്ടു പേര്‍ക്കും കാല്‍ ഉറുപ്പിക വീതം കൈക്കൂലിയും . വീട്ടില്‍ ചെന്നും നാട്ടില്‍ ചെന്നും വിവരം ആരോടും പറയരുത്.

ചോയി ജീവിച്ചിരിപ്പില്ല .മകന്‍ ബാലന്‍ ഇപ്പോഴും ചായ പീടികയുമായി ഈ ഗ്രാമത്തില്‍ തന്നെ യുണ്ട് . കാണുമ്പോഴൊക്കെ ആ പഴയ കാല കഥകള്‍ പറയും.

Thursday, October 9, 2008

ബാങ്ക് വിളികള്‍ ഇങ്ങിനെ വേണോ ?

എന്റെ കൊച്ചു ഗ്രാമം അവിടെ മുസ്ലിം പള്ളികള്‍ എട്ടു എണ്ണം . ദിവസം അഞ്ചു നേരം എട്ടു ബാങ്ക് വിളികള്‍ . ഒരേ ഇനം താളം , അര്‍ത്ഥത്തിലും ഒരു മാറ്റമില്ല. പള്ളികള്‍ ദൈവത്തിന്റെ ഭവനം എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇവിടെ സുന്നികളുടെ പള്ളിയുണ്ട് മുജാഹിദ് , ജമാഅത്ത് ...

ഇങ്ങിനെ പങ്കു വെച്ച പള്ളികള്‍ . ഇവിടെ നിന്നും അത്യുച്ചത്തില്‍ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പടച്ച തമ്പുരാന്‍ പോലും കാതു പോതിപോകും . ഞങ്ങള്ക്ക് പെരുന്നാള്‍ പോലും ഒന്നിച്ചു ആഘോഷിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എട്ടു പള്ളികളില്‍ നിന്നും ഒരേ സമയം എട്ടു ബാന്ക് വിളികള്‍ .


പഴയ കാലത്ത് പ്രഭാതത്തില്‍ ഇരുട്ട് വിടവാങ്ങുമ്പോള്‍ കേൾക്കാറുള്ള കീര്‍ത്തനങ്ങള്‍ ...ബാന്ക് വിളികള്‍ ...എത്ര മാത്രം ആത്മ ഹര്‍ഷം .

ഇതിന് ഒരു മാറ്റം , അതിന് ഒന്നു ശ്രമിച്ചു കൂടെ . ഒരു ബാന്ക് വിളി മാത്രം സ്പീക്കര്‍ ഉപയോഗിച്ചു .