Thursday, December 6, 2012

ഒതയ മംഗലത്തെ വാഴപ്പാടങ്ങള്‍



  അബുക്ക  ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുണ്ടാവുമോ?..... ഒതയ മംഗലത്തെ വാഴ പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അയാള്‍ ഇപ്പോഴെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.
 
  അബുക്ക എന്റെ കടയിലെ ഒരു കസ്റ്റമര്‍ ആണ്.
 കൊഴിക്കോട് ജില്ലക്കാരായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍. കത്തുന്ന വേനലിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും പുലര്‍ച്ചെ നാലുമണിക്ക് ജോലിക്ക് പോയി സന്ധ്യകഴിഞ്ഞ് തിരിച്ചെത്തുന്ന,മൊസൈക്ക്പണിയും കോണ്‍ക്രീറ്റിനു കമ്പി കെട്ടുന്ന പണിയുമൊക്കെയായി കഴിയുന്ന ഒരാള്‍.

  മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അബുക്കയെ     അടുത്ത് പരിചയപ്പെടുന്നത്.  നിത്യവും രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചു വരുന്ന അബുക്ക  ഒരു ദിവസം പകല്‍ സമയത്ത് കടയില്‍ സിഗരറ്റിനു വന്നപ്പോള്‍ അന്വേഷിച്ചതിനു അയാള്‍ മറുപടി പറഞ്ഞു.

ഇക്കാമ തീര്‍ന്നിട്ട് ദിവസങ്ങളായി.  ഏജന്റ് പണവും വാങ്ങിപ്പോയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ അടിച്ചിട്ടില്ല.  വിളിക്കുമ്പോഴൊക്കെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിക്കുകയാണ്.  പുറത്തു ചെക്കിംഗ് അധികമായത് കൊണ്ട് പണിക്ക് പോവാറില്ല.

രണ്ടുമാസം അബുക്ക   റൂമില്‍ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു.  ധാരാളം സിഗരറ്റ് വലിച്ചു തള്ളി.  ഞാന്‍ അടുത്തറിയുന്നത് ആ കാലത്താണ്.  റൂമില്‍ ഒറ്റയ്ക്കിരിക്കുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ അബുക്ക   കടയില്‍ വന്നു എന്നോട് വര്‍ത്തമാനം പറഞ്ഞു.

നാട്ടില്‍ വ്യവസായ(കൃഷി)മായിരുന്നു അബുക്കയുടെ   ജോലി.ഏക്കറുകളോളമുള്ള സ്വന്തം ഭൂമിയില്‍ അബുക്ക  പലതരം കൃഷികള്‍ ചെയ്തു.  ഒരുപാട് ജോലിക്കാരുമായി നേരം പുലരും മുമ്പ് കൃഷിയിടത്തില്‍ എത്തും. വീട്ടു ജോലികള്‍ ഒതുക്കി കഴിഞ്ഞാല്‍ കൂട്ടിനു ഭാര്യ പാത്തുതാ   ഉണ്ടാകും.ജോലിയുടെ ഇടവേളകളില്‍ മരത്തണലില്‍ ഇരുന്ന് പാത്തു  ഉണ്ടാക്കി കൊണ്ടുവരുന്ന പൂളയും തേങ്ങാ മുളക് ചമ്മന്ധിയും

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായല്ല  ആ കഥകളൊക്കെ പറഞ്ഞത്. ഓര്‍മ്മകളില്‍ ലയിച്ച് അയാളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആ ജീവിതത്തില്‍ അനുഭവിച്ച സന്തോഷങ്ങളൊക്കെ അയാളുടെ മുഖത്ത് കണ്ടു.....പാത്തുവിനെ കുറിച്ച് പറയുമ്പോള്‍ അയാളില്‍ ഒരു നാണം അല തല്ലി  മറയുന്നത് ,പാത്തുവിന്റെ  മടിയില്‍ തലവെച്ചു കിടക്കുകയാണെന്ന് തോന്നി.അയാളുടെ കണ്ണില്‍ പാതുവിന്റെ  രൂപം തിളങ്ങി നിന്നു .

എല്ലാ സന്തോഷങ്ങളും പെട്ടെന്നാണ് ഒടുങ്ങിയത്. മഴ ചതിച്ചതുകൊണ്ടും കനാലില്‍ ശരിക്കും വെള്ളം എത്താത്തത് കൊണ്ടും കൃഷി നശിക്കാന്‍ തുടങ്ങി. പണിക്കാരെ ചൊവ്വിനു കിട്ടാതായി. ഏക ആണ്‍തരി പത്തുവയസ്സുകാരന്‍ കാലു രണ്ടും നെഞ്ചോട്‌ ചേര്‍ന്ന് നടക്കാനാവാതെ ഇഴഞ്ഞാണ് സഞ്ചരിച്ചിരുന്നത്.പിന്നെയുള്ളത് മൂത്ത രണ്ടു പെണ്‍കുട്ടികള്‍.മകന്റെ ചികിത്സക്കായി പലപ്പോഴും മദ്രാസ്സില്‍ പോകേണ്ടിവന്നത് കൊണ്ട് പാത്തുവിനും    കൃഷിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. ഭീമമായ ചികിത്സാ ചെലവുകളും,ഉത്പന്നങ്ങളുടെ വിലയിടിവും എല്ലാം കൂടി അയാളെ ഞെരുക്കാന്‍ തുടങ്ങി.ഭൂമി പണയം വെച്ച് പണം പലിശയ്ക്ക് വാങ്ങി. കുറെ സ്ഥലങ്ങള്‍ വില്‍ക്കേണ്ടി വന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ പാട്ട കൃഷി നിര്‍ത്തി ഖത്തറില്‍   എത്തി  . നിര്‍മ്മാണ ജോലിക്കാരില്‍ ഒരാളായി.

  ഖത്തര്‍ ജീവിതം ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അബുക്ക  നിരാശയോടെ പറഞ്ഞു.

നാട് തന്നെ നല്ലത് ..ഇവിടെ എന്തുണ്ട്  ? ..അവിടെ എന്റെ കൃഷി ..ഭാര്യ കുട്ടികള്‍ എന്റെ സമയം ശരിയല്ല ............അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ നിന്നും മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത,  പ്രിയപ്പെട്ടവളും മക്കളും ചേര്‍ന്നുള്ള ആ നല്ല നാളുകളുടെ ഓര്‍മ്മ. ഇതൊക്കെ അബുക്കയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

പാത്തു  വല്ലാതെ പ്രയാസപ്പെടുന്നു.അയാള്‍ നാട്ടില്‍ ഉള്ളപ്പോള്‍ രോഗിയായ മകന്റെ കാര്യങ്ങളില്‍ കുറെയൊക്കെ അബുക്ക സഹായിക്കുമായിരുന്നു.ബാപ്പ അടുത്തില്ലാത്തത് അവനു വല്ലാത്ത വാശിയും....പിന്നെ വീട്ടുകാര്യങ്ങളും ഒപ്പം കടക്കാരുടെ ശല്യവും.
ബാക്കിയുള്ള സ്ഥലത്ത് കൃഷിയൊക്കെ അവള്‍ തന്നെയാണ് നോക്കുന്നത്.വീട്ടിലെ പ്രയാസങ്ങളൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കറിയാം.ഇവിടുത്തെ ഇഖാമയും പ്രശ്നങ്ങളും ഒന്നും അവളോട്‌ പറയാറില്ല.  എപ്പോഴാണ് നാട്ടില്‍ വരുന്നത് എന്ന ചോദ്യത്തിന് അടുത്ത പെരുന്നാളിന്  വരും എന്ന് സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

രണ്ടു മാസം കഴിഞ്ഞിട്ടും ഇഖാമ അടിച്ചില്ല.കൊടുത്ത അഞ്ഞൂറ് റിയാല്‍ അറബിയോ ഏജന്റോ മുക്കി.പിന്നെ എങ്ങനെയൊക്കെയോ തനാസില്‍(release) വാങ്ങി മറ്റൊരു അറബിയെ കൊണ്ട് ഇഖാമ അടിപ്പിച്ചു.അതിനും അഞ്ഞൂറ് രിയാലോളം  ചെലവായി.അതുവരെ ഉള്ള ഫൈനും എല്ലാം കൂടി മൂന്നു ലക്ഷത്തോളം രൂപയായി ഇഖാമ അടിച്ചു കഴിയുമ്പോള്‍.

ഇഖാമ അടിച്ചു പണിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അബുക്കയെ   അപൂര്‍വ്വമായെ പകല്‍ സമയത്ത് കാണാറുള്ളൂ. ഇന്നലെ ഉച്ചക്ക് അയാള്‍ കടയില്‍ വന്നു നൈലോണ്‍ കയറും പേപ്പര്‍ ടേപ്പും വാങ്ങാന്‍ വന്നു
“എന്താ അബുക്ക  ?
ആരാ നാട്ടില്‍ പോകുന്നത് ഞാന്‍ ചോദിച്ചു

 അബുക്ക  നാട്ടില്‍ പോകുന്നു എന്ത് പറ്റി പെട്ടെന്ന്!!!
അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ പിറുപിറുക്കുംപോലെ പറഞ്ഞു
“പാത്തുമ്മക്ക് സീരിയസ് ആണ് .....”
 പാത്തുമ്മ മരിച്ചു!!!!
കുറെയായി വയറു വേദന ആരെയും അറിയിച്ചില്ല.എന്തെങ്കിലും മരുന്ന് കഴിച്ചു തല്‍ക്കാലം നിര്‍ത്തും.    ഒടുവില്‍ വല്ലാതെ കൂടിയപ്പോഴാണ് ഒരാഴ്ചമുമ്പ് കോഴിക്കൊട്ടെ ആശുപത്രിയില്‍ കാണിച്ചത്.  മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.  അവിടെ നിന്ന് സ്ഥിരീകരിച്ചു ക്യാന്‍സര്‍!!!  അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞെങ്കിലും ആരും  സമ്മതിച്ചില്ല.  തിരിച്ചു പോന്നു....ഇന്നലെ പെട്ടെന്ന് ബോധം കെട്ടുവീണു.  അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.  പിന്നെ ബാന്ഗ്ലൂരിലീക് കൊണ്ട് പോയി.   പണിസ്ഥലത്തു ഉള്ളപ്പോഴാണ് കൂട്ടുകാരന്റെ ഫോണിലേക്ക് നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞത് ... മരണ വിവരം.


അബുക്ക  യാത്ര പറയുകയാണ്‌.  ആ കറുത്ത മുഖത്ത് ഒരു മരവിപ്പ് മാത്രം.പാത്തുമ്മയെ പറ്റി പറയുമ്പോള്‍ അയാളുടെ മുഖത്ത് വിടരുമായിരുന്ന സന്തോഷം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

മദ്രാസിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ അബുക്കയെ  കാത്ത് കിടക്കുന്ന പ്രിയപ്പെട്ടവളുടെ മയ്യത്തിനു അടുത്ത്  ........  എല്ലാ സങ്കടങ്ങളും അവനു ബാക്കി വെച്ചുകൊണ്ട്  കിന്നാരം പറയുന്ന ....... അവളുടെ മുഖത്ത് നോക്കി അയാള്‍   നിശബ്ദനായി നിന്നിട്ടുണ്ടാകും. പിന്നെ  ബന്ധുക്കളും ആംബുലന്‍സില്‍

  ഒതായ മംഗലത്തെ വഴ പാടങ്ങള്‍ക്കു നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അബുക്ക എന്തായിരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക. അയാള്‍ ഗള്‍ഫിലേക്ക് വിസ ഏര്‍പ്പാട് ചെയ്തു കൊടുത്ത ചക്കിങ്ങള്‍ കാരനെ തേടി അയാള്‍ പോയിട്ടുണ്ടാകുമോ ? അവര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ .........

Tuesday, December 4, 2012

വെപ്പുതോണി



ഇല്ലത്തേക്ക് പോകുമ്പോള്‍  കാതിര്‍ കുട്ടി തന്റെ സ്നേഹിതനായ ആലി മൂപ്പനെയും കൂടെ കൂട്ടി

" വാ നമുക്ക് വലിയ നമ്പൂരിയെ ഒന്ന് കണ്ടിട്ട് വരാം ,  നിനക്ക് വേറെ പണിയൊന്നും ഇല്ലല്ലോ "

കുറെ കാലമായി  വല്യ മ്പൂരിയെ ഒന്ന് കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കണം എന്ന് വിചാരിക്കുന്നു . ഒരു പക്ഷെ അങ്ങ് പിടിച്ചാല്‍ കുറെ സ്ഥലം ഏല്‍പ്പിച്ചു തരും . മരം വെട്ടി കല്ലായില്‍ കൊണ്ട് പോയി വില്‍ക്കുകയും ചെയ്തു കൊണ്ടിരുന്നാല്‍ കാര്യങ്ങള്‍ മുട്ടലില്ലാതെ നടക്കും .

കമ്മുണ്ണിയും  മൂപ്പനായത്  നമ്പൂതിരിയെ കൊണ്ടാണ് . കിഴക്കന്‍ മലയോരങ്ങള്‍ എല്ലാം ഈ നമ്പൂരി ഇല്ലങ്ങളുടെതാണ് . തെക്ക് നിന്നും വന്ന നസരാണി മാരും കുറെ സ്ഥലങ്ങള്‍ ഇങ്ങിനെ സ്വന്തമാക്കി റബ്ബര്‍ കൃഷി തുടങ്ങിയിട്ടുണ്ട് .

    കാതര്‍ കുട്ടി വാഴക്കുലയും ചാക്ക് കെട്ടുകളും  തോണിയില്‍ എടുത്തു വെപ്പിച്ചു . വെപ്പുതോണി നിറയെ സാധനങ്ങള്‍ . മടിയില്‍ നിന്നും ഒരു സാധു ബീഡി എടുത്തു തീകൊളുത്തി .
    " ആലിയേ  ....നമ്പൂരി കനിയുമോ ?
 "
 ആ നേരത്തെ മനോ നില പോലെ നില്‍ക്കും എല്ലാ കാര്യങ്ങളും . ചെറിയ  നമ്പൂതിരി ഏതോ ഒരു നായര്‍ പെണ്ണിനെ നിലമ്പൂരില്‍ നിന്നും വേളി കഴിച്ചു എന്നൊക്കെ കേള്‍ക്കുന്നു . എല്ലാ സംധായങ്ങളും തെറ്റിക്കുന്നു അസ്രീകരങ്ങള്‍ എന്ന് പിറ് പിറുത്തു ഉലാതുന്നുണ്ടാവും ഉമ്മറ കോലായില്‍ .
 
ഇല്ലത്തിനു മുമ്പിലെ കടവെത്തിയപ്പോള്‍ ആലി മൂപ്പന്‍ നീട്ടി കൂവി . കാര്യസ്ഥന്‍ ഓടിയെത്തി
" എന്താ ഇത് ആലി മൂപ്പരെ...?
 " രണ്ടാളെ ഇങ്ങട്ട് വിട്ടോളീ , ഇതങ്ങു ഇറക്കി വെപ്പിക്ക "
  "അയ്യോ മാപ്പിളെ  വല്യമ്പൂരി നാലു ദിവസം കഴിഞ്ഞേ വരൂ .  ഞാന്‍ പറയാം. "

   കാ തര്‍ കുട്ടിയെ ഒന്നും പറയാന്‍ ആലി എന്ന കൂട്ടുകാരന്‍ സമയം കൊടുത്തില്ല എന്ന് പറയുന്നതാവും ശരി.  അവര്‍ വല്യബൂരിയെ കാണാതെ അന്ന് മടങ്ങി .
പിന്നീടു കാതര്‍ കുട്ടി കുറെ കാലം സുഖമില്ലാതെ കിടപ്പിലായിരുന്നു .
ഒരിക്കല്‍  വല്യമ്പൂരി ആളെ വിട്ടു ആലിയെ വിളിപ്പിച്ചു .
  ആലി  മുഖം കാണിച്ചു .  സങ്കടങ്ങള്‍  ബോധിപ്പിച്ചു .
അഞ്ചു  ഏക്കറ വയലും,  മൈസൂര്‍ മലയില്‍ നൂറോളം ഏക്കറ കാടു    മരം വെട്ടാനും -.
അങ്ങിനെ ആലി കുട്ടി  നാടിലൊരു മുതലാളിയായി വളര്‍ന്നു . ഇരുവഴിഞ്ഞി പുഴയിലൂടെ
മര ചങ്ങാടങ്ങള്‍ കല്ലായി പുഴയിലേക്ക്  നീങ്ങി കൊണ്ടിരുന്നു.  ആലി  കുട്ടിയും മക്കളും  ഇരുവഴിഞ്ഞിയുടെ തീരങ്ങളില്‍ നാലാള്‍ അറിയുന്ന കുടുമ്പക്കാരായി .
തെയ്യതും കടവ് പാലത്തിനടുത്ത്  വെറുതെ കാറ്റ് കൊള്ളാ നിരിക്കുംപോള്‍  അരിമ്പ്ര മമ്മദ് പറഞ്ഞു
" ഇവിടെ ഏറിയ ശുജായികളും പൈസക്കാരും പ്രമാണിമാരും ആയ പഴക്ഥകള്‍  ഞാന്‍ പറഞ്ഞു തരാം .......  "
ആലി കുട്ടിയെന്നോനു ആ പൈസ ഒതികിയോ മോനേ ....ഇല്ല .
  അത് ഒരു പെണ്‍ കേസില്‍ ഒന്നായി ഒലിച്ചു  പോയിയെന്ന്  കൂട്ടി ക്കോ " അത് വെരോതുന്റെ കയ്യില്‍ പോയി "
 അരിമ്പ്ര മമ്മദ് കഥ പറയുകയാണ്‌ . ഈ ഗ്രാമത്തിന്റെ എണ്‍പത് വര്ഷം മുമ്പുള്ള കഥകള്‍ ,  ഏറെ ഗ്രഹതുരത്വം തുളുമ്പുന്ന നര്‍മത്തില്‍ പൊതിഞ്ഞ  ഇരുവഴിഞ്ഞി കരയിലെ  കഴമ്പുള്ള കഥകള്‍ .
      ----------------------------------------


Monday, December 3, 2012

തീപന്തങ്ങള്‍


സ്വയം തീപന്തമായി ഞങ്ങള്‍ മാറും -
റോമയുടെ ചുറ്റും വെളിച്ചമായി
അതിഥി സല്ക്കാരത്തിന്  നിറമായി
അലറി കരഞ്ഞു മണ്ണില്‍ വീഴുംമുമ്പേ
ഞങ്ങള്‍ കുതിക്കും നീറോക്ക്  നേരെ
വാരിപുണരും ഞങ്ങള്‍  ചക്രവര്‍ത്തിയെ .
-----------------
പുതിയ കണ്ണകിമാര്‍ വരുന്നുണ്ട്
അങ്ങ്  പകഷിമ ദേശത്ത് നിന്ന്
മുലയരിഞ്ഞു  വീശി എറിയും
അമ്മിഞ്ഞ പാലുറ്റിയ മുലകള്‍
അങ്ങ്  ബത്ത്ലഹേമില്‍ ചെന്ന് വീണ്
കത്തി  എരിയും ആ മധുരാ നഗരങ്ങള്‍ .
------------------
 

Monday, November 19, 2012

ചിനാര്‍ വൃക്ഷ തണലുകള്‍












നല്ല തണുപ്പുണ്ട് .  അത് കൊണ്ട് ടൂറിസ്റ്റുകളുടെ വരവും നന്നേ കുറവാണ് .  തണുത്തുറഞ്ഞു കിടക്കുന്ന ഈ മണ്ണില്‍ ചവിട്ടി ചരിത്രത്തിന്റെ ഊടു വഴികളിലൂടെ നടന്നു പോവാന്‍ നല്ല രസമാണ് .
കശ്മീരിലെ പോലെ ചിനാര്‍ മരങ്ങളുടെ ഉണങ്ങിയ ഇലകള്‍ വീണു കിടക്കുന്ന പാതകളും അതുവഴി കടന്നു പോകുന്ന സുന്ദരികളായ സ്ത്രീകളും  മനസ്സില്‍ ഗസലിന്റെ ഈണം തീര്‍ത്തു കൊണ്ടിരുന്നു . 
ഈ പൂന്തോട്ടങ്ങളില്‍ എത്ര സര്‍ഗ സുന്ദര താളങ്ങള്‍ മനസ്സില്‍ പൂവിട്ടിരിക്കും . സ്നേഹത്തിന്റെ , പ്രണയത്തിന്റെ ദൂതുമായി ഇത് വഴി കടന്നു പോയ മഞ്ഞു കണങ്ങള്‍ .  ഹിന്ദുസ്ഥാനി സംഗീതത്തിനു  രാജ പാത യോരുക്കിയ  പ്രകൃതിയുടെ വസന്തോല്സവങ്ങള്‍ . കണ്ണും കാതും കവര്‍ന്നെടുത്ത  മുഗിള കാലം . 
       ഇവിടെത്തെ ഓരോ മാര്‍ബിള്‍ കല്ലിനും ആ ഒരു സ്നിഗ്ധ ഭാവം ഉള്ള പോലെ തോന്നി . വല്ലാത്ത  ഒരു  വിരഹത നമ്മുടെ മനസ്സിനെയും  ബാധിക്കുന്ന പോലെ . 
       :ജാതെ ജാതെ യെ തോ ഭത ദേം  ഹാം ജിയെ തോ കിസ് കെ ലിയെ :
പടി യിരങ്ങുമ്പോള്‍  മനസ്സ്  മന്ദ്രിക്കുകയിരുന്നു .

Sunday, November 4, 2012

കൊത്തന്‍ കല്ലും വളപോട്ടുകളും .

  കൊത്തന്‍ കല്ലും വളപോട്ടുകളും . 
   

      പണ്ട്  ഞങ്ങളുടെ ഗ്രാമത്തില്‍ പള്ളിക്കൂടതിനോട് ചേര്‍ന്ന് ഒരു പള്ളി പറമ്പ്  അവിടം   ഞങ്ങള്‍ക്ക്  കളിസ്ഥലം കൂടിയായിരുന്നു.  ചിലപ്പോഴക്കെ ഖബരിസ്ഥാനില്‍  ആരുടെയോ മയ്യത് മറ മാടുന്നുണ്ടാവും . ഞങ്ങള്‍ കളി നിര്‍ത്തി വെച്ച് അല്പം കഴിഞ്ഞു  വീണ്ടും കളി തുടങ്ങും . അല്ലെങ്കില്‍ കൊയ്ത്തു കഴിഞ്ഞ വയലുകള്‍ ഞങ്ങളുടെ പന്ത് കളിയുടെ കേന്ദ്ര മായി മാറും .
   ഒരു പന്ത് വാങ്ങാന്‍ വലിയ ദാരിദ്ര്യം തന്നെയായിരുന്നു . ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഹരം തന്നെ . അന്നത്തെ പല കളികളും ഇന്ന് ഇല്ല . ചട്ടി ഏറു കളി . പൊട്ടിയ മണ്‍ പാത്രങ്ങളുടെ  കഷണങ്ങള്‍ ഒന്നിന് മീത ഒന്നായി വെച്ച് അത് എറിഞ്ഞു വീഴ്തുക . ഒരു ചെറിയ റബ്ബര്‍  പന്തേ  വേണ്ടൂ .
പെണ്‍കുട്ടികള്‍ കൊത്താന്‍ കല്ല്‌ കളിക്കും . ഒരു ചിപ്പി കഷ്ണം എടുത്തു  പിന്തിരിഞ്ഞു നിന്ന് കളത്തിലേക്ക്‌ ഏറിയും പിന്നെ ഒറ്റകാലില്‍ കള്ളികളില്‍ നിന്നും അതെടുത്തു കൊക്കി ചാടും .  കുറ്റിയും  പന്തും അതിലേറെ രസകരം . " "കയ്മ ഒന്ന് രണ്ടു "
    തൊട്ടടുത്തുള്ള യു പി സ്കൂള്‍ വിട്ടാല്‍ പെണ്‍കുട്ടികള്‍ സ്കൂള്‍ വരാന്തയില്‍ നിറയും കൊത്താന്‍ കല്ല്‌ കളിയ്ക്കാന്‍ .  കല്ലൊക്കെ അവരുടെ പാവാടയില്‍   റ ഡി യായിരിക്കും .
 ഉപ്പുമാവിന്റെ  മണം  . അത്  വല്ലാത്ത രസമുള്ള ഒരു ഭക്ഷണം .  നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇയ്യാതുമ്മ  യായിരുന്നു വിളമ്പുന്ന ജോലി  ഏറ്റെടുത്തിരുന്നത് .
     ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഒരു സ്ത്രീ വന്നു എന്നോട് ചോദിച്ചു  നീ നജീബല്ലേ . അതെ .
എന്നെ മനസ്സിലായോ ? ഞാന്‍  പാണ കോട്ടില്‍  ഇയ്യത്തുമ്മ   ഹുസൈനക്കയുടെ മകള്‍ . നീയും ഞാനും ഒരു  പാട് തല്ലു കൂടിയിട്ടുണ്ട് . ഓര്‍മയുണ്ടോ  /   നീ എന്റെ അനുജനെ കാട്ടുമ്പോള്‍  ഞാന്‍ പകരാന്‍ ചോദിച്ചത്. ലത്തീഫ് മാസ്റ്റര്‍ രണ്ടാളെയും തല്ലിയത്  .  "
   പാത്തുമ്മ എല്ലാം ഇന്നലെ പോലെ ഓര്‍ക്കുകയാണ് .     ഈ പള്ളികാട്ടിലെ കമ്മുനിസ്റ്റ്‌ അപ്പകള്‍ക്ക് എന്തെല്ലാം ഓര്മ കാണും .
    രയിമുവിനെയും ഹൈദാരിനെയും  സ്കൂളില്‍ വരാത്തത് കാരണം വീട്ടില്‍ പോയി പിടിച്ചു കൊണ്ട് വരാന്‍ പറയുന്ന ഹെഡ്‌ മാസ്ടീര്‍ അത്തോളി . റോഡിലൂടെ നീണ്ട കടലാസ്സു തൊപ്പി ധരിപ്പിച്ചു കുട്ടികളു ടെ അകമ്പടിയില്‍ നടത്തം കൊള്ളുന്ന രായിമു .   അത്തോളി മാസ്റ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും രയിമു നിന്ന നില്‍പ്പില്‍ മൂത്ര മോഴിച്ചു പോകും .
  പാത്തുമ്മ എന്റെ പഴയ കളികൂട്ടുകാരി  കുറെ ചിരിച്ചു .
പേരകുട്ടികള്‍ ബഹളം വെച്ചപ്പോള്‍ പിന്നെ കാണാം എന്ന് പറഞ്ഞു
അവള്‍ പോയി മറഞ്ഞു .
ഞാന്‍ പിന്നെയും ആ ഓര്‍മകളില്‍  ഒഴുകി കൊണ്ടിരുന്നു .
കാലവും ശീലവും മാറി . കൌമാരത്തിന്റെ  വഴികള്‍ ഗൌരവുമുള്ളതായി  മാറുന്നു.


                       .............................

Monday, October 29, 2012

എന്റെ ഈ കൊച്ചു ഗ്രാമം

എന്റെ  ഈ കൊച്ചു ഗ്രാമം ഒരു ഭാഗം ഇരുവഴിഞ്ഞി പുഴ കെട്ടി പിടിച്ചിരിക്കുന്നു . അതിനുമപ്പുറം മൈസൂര്‍ മല . ഒരു  നൂറ്റാ ണ്ട് മുമ്പ് ഇവിടെ  ആദിമ വര്‍ഗം  ആരായിരുന്നു ?  കുശവന്മാരും   ചക്കില്‍ എണ്ണ ആട്ടുന്നവരും കുറച്ചു  നമ്പൂതിരി മാരും  നായന്മാരും ജീവിചു കടന്നു പോയതായി കാണാം ചേന്നമംഗല്ലൂര്‍.  മുസ്ലിംകള്‍  മിക്കവാറും അയല്‍ പ്രദേശമായ ചെറുവാടി , കൊടിയത്തൂര്‍ , പാഴൂര്‍  എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റം നടത്തിയവരായിട്ടാണ് കാണുന്നത്.  കൊടിയത്തൂരില്‍ നിന്നും വന്നവരാണ്‌  ബ്രിട്ടീഷ് ഭരണ കാലത്ത്  അധികാരി  സ്ഥാനം കൊണ്ട് നടന്നത് . കുട്ടിഹസന്‍ അധികാരി . ആ കാലത്ത്  തന്നെ മുക്കത്ത് നിന്നും കോയകുട്ടി ഹാജി , മമ്മദ് ഹാജിയെ പോലെ സമ്പന്നര്‍ ഇവിടെ കുറെ ഭൂമി സ്വന്തമാക്കിയിരുന്നു .
ചേന്നമംഗല്ലൂര്‍  എന്ന്  നാടിനു പേര് വരാന്‍ കാരണം   ചേന്നന്‍ എന്നാ കീഴ് ജാതിക്കാരന്‍ ഇവിടെ വന്നു പെണ്ണ് കേട്ടിയതാനെന്നും അത് കൊണ്ട്  ചെന്നാന്‍ മംഗലം കഴിച്ച സ്ഥലം  ചേന്നമംഗല്ലൂര്‍  ആയി മാറി എന്നും പറയപ്പെടുന്നു.  കണക്കന്മാരും അവരുടെ വിശ്വാസാചാരങ്ങള്‍  വഴി ഈ ഊരിനു  പ്രത്യേക അവകാശ വാദങ്ങള്‍  ഉന്നയിച്ചു പോരുന്നുണ്ട്.  വഴി തെറ്റി നടന്ന അവരുടെ ഒരു കാരണവര്‍ക്ക്‌  ആരോ വീട് വെക്കാന്‍ ഈ  ഊര് കാണിച്ചു കൊടുത്തു എന്ന ഐതിഹ്യങ്ങളും കഴക കഥകളും  നമുക്ക് കേള്‍ക്കാം .  കണക്കു പറമ്പ്  എന്ന് ഒരു സ്ഥലത്തിന്  പേര് വന്നതും അങ്ങിനെ തന്നെ . കുന്നിന്‍ മുകളില്‍ അവര്‍ക്ക്  പ്രത്യേക ബലി കര്‍മങ്ങള്‍ നടത്താനുള്ള ഒരു  കാവുണ്ടായിരുന്നു.  അത് സംരക്ഷിച്ചു നിര്‍ത്താന്‍ അവര്‍ക്കായില്ല .  ഇന്ന് അവിടെ ഒരു ഹൈ സ്കൂള്‍ സ്ഥിതിചെയ്യുന്നു.  ആരാണ് ഈ ഊരിലെ ആദിമ വിഭാഗം എന്ന കാര്യത്തില്‍ കൃത്യമായ രേഖകള്‍  ഒന്നും കാണുന്നില്ല . ചെരുവാടിയുടെയോ പാഴൂര്‍ എന്ന ദേശത്തിന്റെയോ പാരമ്പര്യ പഴമ അവകാശപെടാന്‍  ഈ  നാടിനു കഴില്ല .
   അന്നത്തെ  ഗ്രാമ വാസികളുടെ വിനോദങ്ങള്‍ കാളപൂട്ട് മത്സരവും , പാഞ്ഞായിയും പുലിയും കളിക്കലായിരുന്നു.  പിന്നെ നായട്ടിനും പേര് കേട്ട ദേശം .
       

ചെസ്സ് കളി പോലെ തന്നെയാണു പണ്ടത്തെ ഇട്ടരശിയും. മറ്റു പണിയുന്നുമില്ലെങ്കില്‍ ചെറുപ്പക്കാര്‍ ഈച്ചക്കു ബീടി വെച്ചു കളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടു. രണ്ടുപേര്‍ രണ്ടു ബീഡി വെക്കും ആരുടെ ബീടിയിലാണോ ആദ്യം ഈച്ച വന്നിരിക്കുന്നതു അവനു മറ്റവന്റെ ബീഡി സ്വന്തം. സാധു ബീഡി ? അതിനു വേണ്ടി ചിലര്‍ ചെയ്യുന്ന പണി . ഛെ !
ഇട്ടരശി കളിക്കാരുടെ ചുറ്റും തൈരു പറയുന്ന ഒരു കൂട്ടര്‍ എപ്പോഴുമുണ്ടാവും.അവരും ചിലപ്പോള്‍ കളിക്കാരേക്കാള്‍ ആവേശത്തിലായിരിക്കും. മുമ്പത്തെ നമ്മുടെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉണ്ണിമോയിന്‍ സാഹിബിനെ കേട്ടിട്ടില്ലെ ? സുല്‍ത്താന്‍ , ഇരുവഴിഞിയില്‍ ജലസമാധിയടഞ ബീ പി മൊഇദീന്റെ പിതാവ് നല്ല ഒരു കളി കമ്പക്കാരനായിരുന്നു. മുക്കത്തെ പഴയ ഒരു പീടിക മച്ചിയില്‍ ഇരുന്നു കളിച്ചു കൊണ്ടിരിക്കുന്നത് മുക്കം ചന്തയില്‍ പോകുമ്പോല്‍ കുട്ടിക്കാലതു ഒരു പതിവു കാഴ്ചയായിരുന്നു. ആരെയെങ്കിലും കളിക്കാന്‍ വിളിചു വരുത്തും
സുല്‍ത്താന്‍ ജയിച്ചാല്‍ അടിയനു കുശാലായിരുക്കും ചായയും കടിയും ചിലപ്പോല്‍ എന്തെങ്കിലും കൈമടക്കും. എന്നാല്‍ മൂപ്പരെ തോല്പ്പിച്ചാല്‍ അവിടെ നിന്നും ഒരു ആട്ടായിരിക്കും. " പോ , നായിന്റെ മോനെ , ബലാലെ...വായിലിരിക്കുന തെറി മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഞങ്ങളുടെ ഗ്രാമത്തിലെ പഴയ ഇട്ടരശി കളിക്കാരില്‍ പലരും മരിച്ചു പോയി. എ.എം.സി ചെറിയമുഹമ്മദ്, ചന്ദ്രന്റെ അചന്‍ വൈദ്യര്‍, എവരസ്റ്റ് മമ്മദ് കുട്ടി അങിനെ പലരും. എല്ലാരും വഫാത്തായി. എങ്കിലും ഓര്‍ത്തോത്ത് ചിരിക്കാന്‍ കുറെ വാക്മയ ചിത്രങ്ങള്‍ ഇവിടെ ബാക്കി വെച്ചു പോയി.
തൊട്ടടുത്തു തന്നെയായിരുന്നു കോപ്പുണ്ണിയുടെ തുന്നല്‍ക്കട . ഗ്രാമത്തിലെ ആദ്യകാല തുന്നല്‍ക്കാരന്‍. മൂക്കിന്റെ അറ്റത്തു ഒരു കണ്ണട എപ്പോശും റ്റൂങ്ങികിടക്കുന്നുണ്ടാവും. സൂചിയില്‍ നൂല്‍ നൂല്‍ക്കലും മറ്റും ഒന്നു കാണേന്റതു തന്നെ. പെരുന്നാളിന്ന് ചിലപ്പോല്‍ ഒരു പുതിയ കുപ്പായം കിട്ടിയ സന്തോഷതില്‍ തലേന്നു വളരെ വൈകിയാണെങ്കിലും പിള്ളെരായ ഞങ്ങള്‍ കാത്തിരിക്കും. ശീല വെട്ടുന്നതും പിന്നെ കൈ രൂപം പ്രാപിക്കുന്നതും പിന്നെ അതൊന്നു ഇട്ടു നോക്കാന്‍ പറയുന്നതും...അന്നൊക്കെ ഒരു പുതിയ കുപ്പായ കിട്ടുക എന്നതു സന്തോഷത്തിനു അതിരുകളില്ലല്ലോ..
കോപ്പുണ്ണിയുടെ മകള്‍ കമല നന്നായി പാടുമായിരുന്നു. " മാനസ മൈനേവരൂ...മധുരം നുള്ളി തരൂ.......
ഇത് പോലെ എത്ര കഥകള്‍ നമ്മുടെ ഈ ഗ്രാമത്തില്‍ കഴിഞ്ഞു പോയി. ആരെങ്കിലും അവരെ ഒക്കെ ഓര്‍ത്തു വെക്കുന്നുന്ടോ ?

Wednesday, August 15, 2012

അനുഭവം

ബല്കീസിന്റെ നാട്ടില്‍ ഒരു പെരുന്നാള്‍ ദിവസം .

നജീബ്  ചേന്നമംഗല്ലൂര്‍.

ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാഴ്ച്ചു കളയാന്‍  ഒരു മാര്‍ഗവും നമുക്കില്ലല്ലൊ.  വിദേശ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യമന്‍  എന്ന രാജ്യത്തേക്ക്  വിമാനം കയറിയത്.
വിചിത്രമായ ഒരു  രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുല്‍ യെമെന്‍  - സനായിലെ കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി .  അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. അവസാനം തൊഴില്‍ തേടി എത്തിയത് ഞങ്ങള്‍ അഞ്ചു പേര്‍ .
ഒരിക്കല്‍ ബാബു യമന്‍ പരിസരത്ത് നില്‍ക്കുമ്പോള്‍ അമീര്‍ ഭായ് എന്നെ വിളിച്ചു . ഒരാളെ പരിചയപെടുത്തി . " ഇത് അബ്ദുള്ള നിന്റെ രാജ്യക്കാരന്‍ . ഇയാളൊരു ഡോക്ടറാണ് . നിനക്ക് ഇയാളുടെ  സഹായി യായി നില്‍ക്കാമോ ? ആലപ്പുഴക്കാരന്‍ ഗോപാലന്‍ മത പരിവര്‍ത്തനം വഴി അബ്ദുള്ള യായി .
അബ്ദുള്ളയുടെ കൂടെ പോയത് നൂറ്റി ഇരുപതു നാഴിക അകലെ മാരിബില്‍ . അതി പുരാതന  നഗര മായിരുന്നു മാരിബ് . ബാല്കീസ്  രാക്ഞ്ഞിയുടെ   കൊട്ടാര അവശിഷ്ടങ്ങള്‍ ഇന്നും മരുഭൂമിയില്‍ നിന്നും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച നമ്മെ വല്ലാതെ അത്ഭുത പെടുത്തും . സദ്ധ മാരിബ്
( അണകെട്ട് ) അവഷിസ്ടങ്ങല്‍ക്കിടയിലൂടെ നടക്കുമ്പോള്‍  കരിമ്പാറയില്‍ അന്ന് ഞാന്‍ കൊതിവെച്ചു.  എന്റെ പേരും നാടും . സകരിയാ നബിയുടെ ഖബറും ഈ ഗ്രമാതിനടുത്തു തന്നെയെന്നു ഗ്രാമ വാസികള്‍ പറഞ്ഞെങ്കിലും കാണാം അവസരം കിട്ടിയില്ല .
                   അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്  പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. സുഖ പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം പഠിപ്പിച്ചു  തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി .  അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലേക്ക്  പഴയ ഗോപാലൻ..  ആ വൈദ്യ ഗുരു എന്നെ ആശിര്‍വതിച്ചു . സ്ഥതസ്കോപ്പും തെര്‍മോ മീറ്ററും എന്നെ ഏല്‍പ്പിച്ചു .





ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു. മാരിബിന്നടുത്ത ഒരു ഗ്രാമം  . റാഗ് വാന്‍ .
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഃഖത്തിന്റെ  പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ.  ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്.  ശെഇകിനു എന്നോട് വലിയ കാര്യമായിരുന്നു . ഇപ്പോഴും അയാള്‍ക്ക്‌ ഒട്ടക പാലിന്റെ ചൂരായിരുന്നു .
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം. അവള്‍ക്കു എന്തക്കൊയോ എന്നോട് പറയണമെന്നുണ്ട് . പക്ഷെ ആ നാടന്‍ അറബി ഭാഷ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല .
എഷ് ലോനക്ക്‌ യാ ദക്തൂര്‍ ഹിന്ദി ?   ഹി ഇന്ത്യക്കാരനായ ഡോക്ടര്‍ എന്തൊക്കയാണ് വിശേഷങ്ങള്‍ ?  ഇത്  മറ്റു പല സ്ഥലങ്ങളിലും വിത്യസ്ത രീതിയില്‍ ചോദിക്കും .
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. എന്റെ സമപ്രയക്കരനായ സലീമിനു പഠിക്കാന്‍ വലിയ ആഗ്രഹമാണ്  അവന്‍ എനിക്ക് അറബിയും ഞാന്‍ അവനു ഇന്ഗ്ലീഷും പദിപ്പിക്കാരുണ്ട് .   സാലിം വന്നു  പറഞ്ഞു  " ദക്ത്തൂർ വരണം ....ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും."
 എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. അയാള്‍ക്കും ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ഉമ്മയെ കുറിച്ച് ചോദിച്ചു .  ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ.   ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം.  ഇവിടെ ഉമ്മയും കുടുമ്പവും ഒന്നുമില്ല രണ്ടു വര്‍ഷങ്ങള്‍  .
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. നാടിനെ കുറിച്ചും ഇവിടെ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിച്ച മകന്‍  ഇര്‍ഫാന്‍ . അവനു രണ്ടു വയസ്സ് കഴിഞ്ഞു കാണും . അവന്‍ ഉപ്പ എന്ന് വിളിക്കുന്നുണ്ടാവും .
 ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും  ജന്മനാട്ടിൽ തിരിച്ചെത്താന്‍  തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടെയോ  കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടി  ഞാനും പ്രാർഥനയോടെ.....നാളെ  നിന്റെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍  ഞങ്ങളെ ഒരുമിച്ചു കൂട്ടണേ .   രഗ്വാനില്‍  നിന്നും കൂട്ടുകാരനായി തീര്‍ന്ന സാലിമിനോടൊപ്പം  ഒരു ഒട്ടകപുറത്തു കയറി  ഞാന്‍  സൗദി അറേബ്യയിലെ  നജ്രാനെ ലക്ഷ്യമാകി യാത്ര തുടര്‍ന്നു .
---------------------------------------------------