Thursday, December 6, 2012

ഒതയ മംഗലത്തെ വാഴപ്പാടങ്ങള്‍  അബുക്ക  ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുണ്ടാവുമോ?..... ഒതയ മംഗലത്തെ വാഴ പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അയാള്‍ ഇപ്പോഴെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.
 
  അബുക്ക എന്റെ കടയിലെ ഒരു കസ്റ്റമര്‍ ആണ്.
 കൊഴിക്കോട് ജില്ലക്കാരായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍. കത്തുന്ന വേനലിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും പുലര്‍ച്ചെ നാലുമണിക്ക് ജോലിക്ക് പോയി സന്ധ്യകഴിഞ്ഞ് തിരിച്ചെത്തുന്ന,മൊസൈക്ക്പണിയും കോണ്‍ക്രീറ്റിനു കമ്പി കെട്ടുന്ന പണിയുമൊക്കെയായി കഴിയുന്ന ഒരാള്‍.

  മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അബുക്കയെ     അടുത്ത് പരിചയപ്പെടുന്നത്.  നിത്യവും രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചു വരുന്ന അബുക്ക  ഒരു ദിവസം പകല്‍ സമയത്ത് കടയില്‍ സിഗരറ്റിനു വന്നപ്പോള്‍ അന്വേഷിച്ചതിനു അയാള്‍ മറുപടി പറഞ്ഞു.

ഇക്കാമ തീര്‍ന്നിട്ട് ദിവസങ്ങളായി.  ഏജന്റ് പണവും വാങ്ങിപ്പോയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ അടിച്ചിട്ടില്ല.  വിളിക്കുമ്പോഴൊക്കെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിക്കുകയാണ്.  പുറത്തു ചെക്കിംഗ് അധികമായത് കൊണ്ട് പണിക്ക് പോവാറില്ല.

രണ്ടുമാസം അബുക്ക   റൂമില്‍ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു.  ധാരാളം സിഗരറ്റ് വലിച്ചു തള്ളി.  ഞാന്‍ അടുത്തറിയുന്നത് ആ കാലത്താണ്.  റൂമില്‍ ഒറ്റയ്ക്കിരിക്കുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ അബുക്ക   കടയില്‍ വന്നു എന്നോട് വര്‍ത്തമാനം പറഞ്ഞു.

നാട്ടില്‍ വ്യവസായ(കൃഷി)മായിരുന്നു അബുക്കയുടെ   ജോലി.ഏക്കറുകളോളമുള്ള സ്വന്തം ഭൂമിയില്‍ അബുക്ക  പലതരം കൃഷികള്‍ ചെയ്തു.  ഒരുപാട് ജോലിക്കാരുമായി നേരം പുലരും മുമ്പ് കൃഷിയിടത്തില്‍ എത്തും. വീട്ടു ജോലികള്‍ ഒതുക്കി കഴിഞ്ഞാല്‍ കൂട്ടിനു ഭാര്യ പാത്തുതാ   ഉണ്ടാകും.ജോലിയുടെ ഇടവേളകളില്‍ മരത്തണലില്‍ ഇരുന്ന് പാത്തു  ഉണ്ടാക്കി കൊണ്ടുവരുന്ന പൂളയും തേങ്ങാ മുളക് ചമ്മന്ധിയും

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായല്ല  ആ കഥകളൊക്കെ പറഞ്ഞത്. ഓര്‍മ്മകളില്‍ ലയിച്ച് അയാളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ആ ജീവിതത്തില്‍ അനുഭവിച്ച സന്തോഷങ്ങളൊക്കെ അയാളുടെ മുഖത്ത് കണ്ടു.....പാത്തുവിനെ കുറിച്ച് പറയുമ്പോള്‍ അയാളില്‍ ഒരു നാണം അല തല്ലി  മറയുന്നത് ,പാത്തുവിന്റെ  മടിയില്‍ തലവെച്ചു കിടക്കുകയാണെന്ന് തോന്നി.അയാളുടെ കണ്ണില്‍ പാതുവിന്റെ  രൂപം തിളങ്ങി നിന്നു .

എല്ലാ സന്തോഷങ്ങളും പെട്ടെന്നാണ് ഒടുങ്ങിയത്. മഴ ചതിച്ചതുകൊണ്ടും കനാലില്‍ ശരിക്കും വെള്ളം എത്താത്തത് കൊണ്ടും കൃഷി നശിക്കാന്‍ തുടങ്ങി. പണിക്കാരെ ചൊവ്വിനു കിട്ടാതായി. ഏക ആണ്‍തരി പത്തുവയസ്സുകാരന്‍ കാലു രണ്ടും നെഞ്ചോട്‌ ചേര്‍ന്ന് നടക്കാനാവാതെ ഇഴഞ്ഞാണ് സഞ്ചരിച്ചിരുന്നത്.പിന്നെയുള്ളത് മൂത്ത രണ്ടു പെണ്‍കുട്ടികള്‍.മകന്റെ ചികിത്സക്കായി പലപ്പോഴും മദ്രാസ്സില്‍ പോകേണ്ടിവന്നത് കൊണ്ട് പാത്തുവിനും    കൃഷിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. ഭീമമായ ചികിത്സാ ചെലവുകളും,ഉത്പന്നങ്ങളുടെ വിലയിടിവും എല്ലാം കൂടി അയാളെ ഞെരുക്കാന്‍ തുടങ്ങി.ഭൂമി പണയം വെച്ച് പണം പലിശയ്ക്ക് വാങ്ങി. കുറെ സ്ഥലങ്ങള്‍ വില്‍ക്കേണ്ടി വന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ പാട്ട കൃഷി നിര്‍ത്തി ഖത്തറില്‍   എത്തി  . നിര്‍മ്മാണ ജോലിക്കാരില്‍ ഒരാളായി.

  ഖത്തര്‍ ജീവിതം ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അബുക്ക  നിരാശയോടെ പറഞ്ഞു.

നാട് തന്നെ നല്ലത് ..ഇവിടെ എന്തുണ്ട്  ? ..അവിടെ എന്റെ കൃഷി ..ഭാര്യ കുട്ടികള്‍ എന്റെ സമയം ശരിയല്ല ............അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ നിന്നും മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത,  പ്രിയപ്പെട്ടവളും മക്കളും ചേര്‍ന്നുള്ള ആ നല്ല നാളുകളുടെ ഓര്‍മ്മ. ഇതൊക്കെ അബുക്കയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

പാത്തു  വല്ലാതെ പ്രയാസപ്പെടുന്നു.അയാള്‍ നാട്ടില്‍ ഉള്ളപ്പോള്‍ രോഗിയായ മകന്റെ കാര്യങ്ങളില്‍ കുറെയൊക്കെ അബുക്ക സഹായിക്കുമായിരുന്നു.ബാപ്പ അടുത്തില്ലാത്തത് അവനു വല്ലാത്ത വാശിയും....പിന്നെ വീട്ടുകാര്യങ്ങളും ഒപ്പം കടക്കാരുടെ ശല്യവും.
ബാക്കിയുള്ള സ്ഥലത്ത് കൃഷിയൊക്കെ അവള്‍ തന്നെയാണ് നോക്കുന്നത്.വീട്ടിലെ പ്രയാസങ്ങളൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കറിയാം.ഇവിടുത്തെ ഇഖാമയും പ്രശ്നങ്ങളും ഒന്നും അവളോട്‌ പറയാറില്ല.  എപ്പോഴാണ് നാട്ടില്‍ വരുന്നത് എന്ന ചോദ്യത്തിന് അടുത്ത പെരുന്നാളിന്  വരും എന്ന് സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

രണ്ടു മാസം കഴിഞ്ഞിട്ടും ഇഖാമ അടിച്ചില്ല.കൊടുത്ത അഞ്ഞൂറ് റിയാല്‍ അറബിയോ ഏജന്റോ മുക്കി.പിന്നെ എങ്ങനെയൊക്കെയോ തനാസില്‍(release) വാങ്ങി മറ്റൊരു അറബിയെ കൊണ്ട് ഇഖാമ അടിപ്പിച്ചു.അതിനും അഞ്ഞൂറ് രിയാലോളം  ചെലവായി.അതുവരെ ഉള്ള ഫൈനും എല്ലാം കൂടി മൂന്നു ലക്ഷത്തോളം രൂപയായി ഇഖാമ അടിച്ചു കഴിയുമ്പോള്‍.

ഇഖാമ അടിച്ചു പണിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അബുക്കയെ   അപൂര്‍വ്വമായെ പകല്‍ സമയത്ത് കാണാറുള്ളൂ. ഇന്നലെ ഉച്ചക്ക് അയാള്‍ കടയില്‍ വന്നു നൈലോണ്‍ കയറും പേപ്പര്‍ ടേപ്പും വാങ്ങാന്‍ വന്നു
“എന്താ അബുക്ക  ?
ആരാ നാട്ടില്‍ പോകുന്നത് ഞാന്‍ ചോദിച്ചു

 അബുക്ക  നാട്ടില്‍ പോകുന്നു എന്ത് പറ്റി പെട്ടെന്ന്!!!
അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ പിറുപിറുക്കുംപോലെ പറഞ്ഞു
“പാത്തുമ്മക്ക് സീരിയസ് ആണ് .....”
 പാത്തുമ്മ മരിച്ചു!!!!
കുറെയായി വയറു വേദന ആരെയും അറിയിച്ചില്ല.എന്തെങ്കിലും മരുന്ന് കഴിച്ചു തല്‍ക്കാലം നിര്‍ത്തും.    ഒടുവില്‍ വല്ലാതെ കൂടിയപ്പോഴാണ് ഒരാഴ്ചമുമ്പ് കോഴിക്കൊട്ടെ ആശുപത്രിയില്‍ കാണിച്ചത്.  മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.  അവിടെ നിന്ന് സ്ഥിരീകരിച്ചു ക്യാന്‍സര്‍!!!  അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞെങ്കിലും ആരും  സമ്മതിച്ചില്ല.  തിരിച്ചു പോന്നു....ഇന്നലെ പെട്ടെന്ന് ബോധം കെട്ടുവീണു.  അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.  പിന്നെ ബാന്ഗ്ലൂരിലീക് കൊണ്ട് പോയി.   പണിസ്ഥലത്തു ഉള്ളപ്പോഴാണ് കൂട്ടുകാരന്റെ ഫോണിലേക്ക് നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞത് ... മരണ വിവരം.


അബുക്ക  യാത്ര പറയുകയാണ്‌.  ആ കറുത്ത മുഖത്ത് ഒരു മരവിപ്പ് മാത്രം.പാത്തുമ്മയെ പറ്റി പറയുമ്പോള്‍ അയാളുടെ മുഖത്ത് വിടരുമായിരുന്ന സന്തോഷം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

മദ്രാസിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ അബുക്കയെ  കാത്ത് കിടക്കുന്ന പ്രിയപ്പെട്ടവളുടെ മയ്യത്തിനു അടുത്ത്  ........  എല്ലാ സങ്കടങ്ങളും അവനു ബാക്കി വെച്ചുകൊണ്ട്  കിന്നാരം പറയുന്ന ....... അവളുടെ മുഖത്ത് നോക്കി അയാള്‍   നിശബ്ദനായി നിന്നിട്ടുണ്ടാകും. പിന്നെ  ബന്ധുക്കളും ആംബുലന്‍സില്‍

  ഒതായ മംഗലത്തെ വഴ പാടങ്ങള്‍ക്കു നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് അബുക്ക എന്തായിരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക. അയാള്‍ ഗള്‍ഫിലേക്ക് വിസ ഏര്‍പ്പാട് ചെയ്തു കൊടുത്ത ചക്കിങ്ങള്‍ കാരനെ തേടി അയാള്‍ പോയിട്ടുണ്ടാകുമോ ? അവര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ .........

No comments: