Wednesday, August 15, 2012

അനുഭവം

ബല്കീസിന്റെ നാട്ടില്‍ ഒരു പെരുന്നാള്‍ ദിവസം .

നജീബ്  ചേന്നമംഗല്ലൂര്‍.

ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാഴ്ച്ചു കളയാന്‍  ഒരു മാര്‍ഗവും നമുക്കില്ലല്ലൊ.  വിദേശ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യമന്‍  എന്ന രാജ്യത്തേക്ക്  വിമാനം കയറിയത്.
വിചിത്രമായ ഒരു  രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുല്‍ യെമെന്‍  - സനായിലെ കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി .  അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. അവസാനം തൊഴില്‍ തേടി എത്തിയത് ഞങ്ങള്‍ അഞ്ചു പേര്‍ .
ഒരിക്കല്‍ ബാബു യമന്‍ പരിസരത്ത് നില്‍ക്കുമ്പോള്‍ അമീര്‍ ഭായ് എന്നെ വിളിച്ചു . ഒരാളെ പരിചയപെടുത്തി . " ഇത് അബ്ദുള്ള നിന്റെ രാജ്യക്കാരന്‍ . ഇയാളൊരു ഡോക്ടറാണ് . നിനക്ക് ഇയാളുടെ  സഹായി യായി നില്‍ക്കാമോ ? ആലപ്പുഴക്കാരന്‍ ഗോപാലന്‍ മത പരിവര്‍ത്തനം വഴി അബ്ദുള്ള യായി .
അബ്ദുള്ളയുടെ കൂടെ പോയത് നൂറ്റി ഇരുപതു നാഴിക അകലെ മാരിബില്‍ . അതി പുരാതന  നഗര മായിരുന്നു മാരിബ് . ബാല്കീസ്  രാക്ഞ്ഞിയുടെ   കൊട്ടാര അവശിഷ്ടങ്ങള്‍ ഇന്നും മരുഭൂമിയില്‍ നിന്നും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച നമ്മെ വല്ലാതെ അത്ഭുത പെടുത്തും . സദ്ധ മാരിബ്
( അണകെട്ട് ) അവഷിസ്ടങ്ങല്‍ക്കിടയിലൂടെ നടക്കുമ്പോള്‍  കരിമ്പാറയില്‍ അന്ന് ഞാന്‍ കൊതിവെച്ചു.  എന്റെ പേരും നാടും . സകരിയാ നബിയുടെ ഖബറും ഈ ഗ്രമാതിനടുത്തു തന്നെയെന്നു ഗ്രാമ വാസികള്‍ പറഞ്ഞെങ്കിലും കാണാം അവസരം കിട്ടിയില്ല .
                   അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്  പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. സുഖ പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം പഠിപ്പിച്ചു  തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി .  അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലേക്ക്  പഴയ ഗോപാലൻ..  ആ വൈദ്യ ഗുരു എന്നെ ആശിര്‍വതിച്ചു . സ്ഥതസ്കോപ്പും തെര്‍മോ മീറ്ററും എന്നെ ഏല്‍പ്പിച്ചു .





ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു. മാരിബിന്നടുത്ത ഒരു ഗ്രാമം  . റാഗ് വാന്‍ .
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഃഖത്തിന്റെ  പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ.  ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്.  ശെഇകിനു എന്നോട് വലിയ കാര്യമായിരുന്നു . ഇപ്പോഴും അയാള്‍ക്ക്‌ ഒട്ടക പാലിന്റെ ചൂരായിരുന്നു .
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം. അവള്‍ക്കു എന്തക്കൊയോ എന്നോട് പറയണമെന്നുണ്ട് . പക്ഷെ ആ നാടന്‍ അറബി ഭാഷ ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല .
എഷ് ലോനക്ക്‌ യാ ദക്തൂര്‍ ഹിന്ദി ?   ഹി ഇന്ത്യക്കാരനായ ഡോക്ടര്‍ എന്തൊക്കയാണ് വിശേഷങ്ങള്‍ ?  ഇത്  മറ്റു പല സ്ഥലങ്ങളിലും വിത്യസ്ത രീതിയില്‍ ചോദിക്കും .
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. എന്റെ സമപ്രയക്കരനായ സലീമിനു പഠിക്കാന്‍ വലിയ ആഗ്രഹമാണ്  അവന്‍ എനിക്ക് അറബിയും ഞാന്‍ അവനു ഇന്ഗ്ലീഷും പദിപ്പിക്കാരുണ്ട് .   സാലിം വന്നു  പറഞ്ഞു  " ദക്ത്തൂർ വരണം ....ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും."
 എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. അയാള്‍ക്കും ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ഉമ്മയെ കുറിച്ച് ചോദിച്ചു .  ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ.   ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം.  ഇവിടെ ഉമ്മയും കുടുമ്പവും ഒന്നുമില്ല രണ്ടു വര്‍ഷങ്ങള്‍  .
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. നാടിനെ കുറിച്ചും ഇവിടെ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിച്ച മകന്‍  ഇര്‍ഫാന്‍ . അവനു രണ്ടു വയസ്സ് കഴിഞ്ഞു കാണും . അവന്‍ ഉപ്പ എന്ന് വിളിക്കുന്നുണ്ടാവും .
 ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും  ജന്മനാട്ടിൽ തിരിച്ചെത്താന്‍  തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടെയോ  കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടി  ഞാനും പ്രാർഥനയോടെ.....നാളെ  നിന്റെ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍  ഞങ്ങളെ ഒരുമിച്ചു കൂട്ടണേ .   രഗ്വാനില്‍  നിന്നും കൂട്ടുകാരനായി തീര്‍ന്ന സാലിമിനോടൊപ്പം  ഒരു ഒട്ടകപുറത്തു കയറി  ഞാന്‍  സൗദി അറേബ്യയിലെ  നജ്രാനെ ലക്ഷ്യമാകി യാത്ര തുടര്‍ന്നു .
---------------------------------------------------

No comments: