Tuesday, May 31, 2011

മഴ നനഞ്ഞ ഓര്‍മകള്‍ .

മിന്നല്‍ പിണര്‍ പിന്നെ കാതടപ്പിക്കുന്ന ഇടിയുടെ ഘോര ശബ്ദം , ചിന്നം ചിന്നം പെയ്തിറങ്ങിയ മഴ . സ്കൂള്‍ വേനലവധി കഴിഞ്ഞു തുറക്കും മുമ്പേ മഴ വന്നു. റോഡിലൂടെ വാഹങ്ങള്‍ വെള്ളം തെറിപ്പിച്ചു ചീറിപായുന്ന ശബ്ദം . മുമ്പൊക്കെ ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം മുറ്റത്ത് കൊച്ചു കൊച്ചു തടാകങ്ങളും പുഴകളും പിന്നെ ഒരു കടല്‍ തന്നെ സൃഷ്ടിക്കുന്നതും നോക്കി നിന്ന കൌമാരം . കടലാസ് തോണികള്‍ നീരൊഴുക്കില്‍ ആടിയുലഞ്ഞു നീങ്ങുന്ന , മനസ്സിനെ രമിപ്പിച്ച കൌതുക കാഴ്ചകള്‍ . എന്തല്ലാം തരത്തിലുള്ള കൊച്ചു കടലാസ്സു വഞ്ചികള്‍ . സ്വപ്നതുല്യമായ ആ പഴയ മഴക്കാല ഓര്‍മ്മകള്‍. പിടിച്ചു നിര്‍ത്തി തല തോര്‍ത്തി തരുന്ന ഉമ്മയുടെ ശകാര വാക്കുകള്‍ . പനിപിടിച്ചു കിടന്ന രാത്രികളില്‍ വയലില്‍ സ്വാന്തനത്തിന്റെ വാല്‍ മാക്രിയുടെ ഗാന നിര്‍ജ്ജ്ഹരി . കശുവണ്ടി ചുട്ടു തിന്നാന്‍ എന്ത് രസം. വയല്‍ മൂലയിലെ കുളത്തില്‍ നിന്നും പിടിച്ച് കുപ്പിയില്‍ ഇട്ടു വെച്ച കണ്ണന്‍ ചുട്ടികള്‍ ( കൊച്ചു മീന്‍ , വാലില്‍ സ്വര്‍ണ നിറത്തില്‍ പോട്ടുള്ളത് ) ചത്തു മലച്ചത് കണ്ടപ്പോള്‍ സങ്കടം തോന്നി. തോര്‍ത്ത്‌ മുണ്ട് വയലിലെ ചളി പിടിപ്പിച്ചു കൊണ്ട് വന്നതിനു ബാപ്പയോട് അടി കിട്ടിയ ചൂട് മാറിയിട്ടില്ല.
ഇടിയും മിന്നലും ശക്തി പ്രാപിക്കുകയാണ് . മാനം കറുത്തിരുണ്ട് കഴിഞ്ഞു . കിഴക്ക് മലകളില്‍ എവിടെയോ ഉരുള്‍ പൊട്ടിയെന്ന് കേട്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ കലങ്ങിയ വെള്ളം കുത്തിയോഴുകുന്നു. പ്രായം ചെന്നവര്‍ പറയുന്നു കേട്ടു ഇന്ന് വാവാണ് . ഇത് ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല . പാടത് വെള്ളം കയറി പുഴ മീന്‍ കൂട്ടത്തോടെ വയലില്‍ വന്നു നിറയും അന്ന് ഒരു ഉത്സവ പ്രതീതി .
എനിക്കോര്‍മയുണ്ട് വെള്ളം കയറി വീടുകള്‍ പലതും ഒഴിച്ച് പോകുന്നവര്‍ . ചിലപ്പോള്‍ അര്‍ദ്ധ രാത്രിയായിരിക്കും . തോണിക്കാരന്‍ അബ്ദുറഹിമാന്റെ കൂക്കി വിളി നാട്ടുകാര്‍ തിരിച്ചറിയും . സഹായം വേണ്ടവര്‍ തിരിച്ചു കൂക്കും. ആട് മാടുകള്‍ കോഴികള്‍ വളര്‍ത്തു മൃഗങ്ങള്‍ എല്ലാറ്റിനെയും കയറ്റി സ്കൂളിന്റെ അകത്തും വരാന്തയിലും അഭയാര്തികളായി കുറെ പേര്‍ . പുറത്ത് ഒരു കലത്തില്‍ കഞ്ഞി വെക്കുന്ന ആമിനച്ചി ...പൊട്ടന്‍ മോഇദീന്‍ ആട്ടിന്‍ കുട്ടികളെ പിലാവിന്റെ ഇല വെച്ചു നീട്ടുന്നു. സ്കൂളും പരിസരവും പുതിയ കാഴകള്‍ . അഭയാര്ത്തികളുടെ മനസ്സിന്റെ വിഹ്വലതകള്‍ ...
അമ്മാവന്റെ വീട് വയല്‍ വക്കത്തു തന്നെയായതു കൊണ്ട് ആദ്യം വെള്ളം കയറുന്നത് അവിടയാണ് . എനിക്കേറെ സന്തോഷം അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരുമെന്നത് മാത്രമല്ല കൂടെ എനിക്ക് കളിക്കൂട്ടു കാരെ കിട്ടും . ബാവ, തമ്പി ഖാലിദ് . രാത്രിയില്‍ ഒന്നിച്ച്ചുറങ്ങി കഥകള്‍ പറയും . പുലിയേയും കാളയെയും പുല്ലും കെട്ടും അക്കരെ കടത്താന്‍ കടത്തു കാരന് എങ്ങിനെ കഴിയും . ? പിന്നെ കൈകള്‍ നിലത്തു വെച്ചു അക്കരെ യിക്കാരെ നിക്കണ പ്രാവിന്റെ കൈയ്യോ കാലോ കൊത്യോ മുറിച്ചോ ...മുദ ..... അങ്ങിനെ എന്തല്ലാം കളികള്‍ . ചിമ്മിനി വെട്ടത്തില്‍ ചുമരില്‍ എന്തല്ലാം നിഴല്‍ രൂപങ്ങള്‍ ഉണ്ടാകി കളിച്ചു.. അപ്പോഴൊക്കെ മനസ്സില്‍ പ്രാര്‍ഥിക്കും ഈ വെള്ളപ്പൊക്കം ഇറങ്ഗാതിരുന്നെങ്കില്‍ ....
കാലം എത്ര പോയ്മറിഞ്ഞു .. ഓര്‍മ്മകള്‍ മാത്രം അവിടെ കൂട് വെച്ചിരിക്ക്ന്നു. ആ കൂട്ടില്‍ നിന്നും പലരും പോയ്മറിഞ്ഞു .... എത്ര നല്ല മഴക്കാലം .
വരണ്ടുള്ള പുഴ വക്കില്‍ - ഉണങ്ങിയ മരകൊമ്പില്‍ ഇരിക്കും പക്ഷി
ചിറകു നനഞ്ഞു വിറ കൊണ്ടിരിക്കുന്ന ആ ഏകാന്ത പക്ഷി ഞാനാണോ ?

2 comments:

ഇഷ്ടിക ‍ said...

മഴ- കൊങ്ങംബെളളം എന്നും ഏതൊരു ചേന്ദമംഗല്ലൂര് കാരനെപ്പോലെയും എനിക്കും ഇഷ്ടമാണ്. കൊങ്ങബെളള ഓര്മകള് ഈ മഴക്കാലത്ത് തുടരട്ടെ..

irfan najeeb said...

feels nostalgic as you had, even the writer and reader have a generation gap