Tuesday, September 3, 2013

മരകൊത്തിയെ നോക്കി.....

രാവിലെ കിടന്ന കിടപ്പിൽ ജനലഴിയിലൂടെ മുറ്റത്തെ പാറോത്ത് മരത്തിൽ വന്നിരിക്കുന്ന മരകൊത്തിയെ നോക്കി കിടന്നു . മുറ്റം നിറയെ പാറോത്തിൻ കായകൾ വീണു കിടക്കുന്നു . മുറ്റം ചാണം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട് . ഇന്നോ നാളെയോ കൊയ്തുണ്ടാവും . കൊയ്ത്തു കഴിഞ്ഞാൽ കുരന്താൾ പെറുക്കാൻ പോവാം . കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൂട്ടുകാർ വൈകുന്നേരം ഒത്തു ചേരും . ഉമ്മാ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട് . മദ്രസയിൽ പോകാൻ സമയമായി എന്ന ഒര്മാപെടുത്തൽ . മദ്രസയിൽ പോകാൻ ഉത്സാഹം തോന്നിയില്ല . അഞ്ചാം ക്ലാസിൽ മൂന്നാം വര്ഷമാണ് തോല്ക്കുന്നത് . തോല്കുന്നതല്ല തോല്പ്പിക്കുന്നതാണ് . ഒപ്പം പഠിക്കുന്ന ഹോസ്റ്റൽ കുട്ടികളോടാണ് നാട്ടുകാരായ അധ്യാപകര്ക്കും താല്പര്യം . അവർ പണക്കാരുടെ  മക്കളാണ് . സ്വന്തം നാട്ടിലെ കുട്ടികൾ അവര്ക്ക് ഒരു വിഷയമല്ല .  മദ്രസയിൽ പോകാതെ അണ്ടി തോട്ടത്തിൽ പോയിരുന്നതിനു അസീസിന്റെ ഉമ്മ അവന്റെ കണ്ണിൽ മുളക് അരച്ച് തേച്ചത് അവൻ പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ വേഗം എഴുന്നേറ്റു മുഖം കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി . കിണറ്റിൻ കരയിലെ ചക്കപഴ മരത്തിലിരുന്നു ഒരു കിളി എന്നെ തന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു . മഞ്ഞയും കറുപ്പും നിറമുള്ള ഭംഗിയുള്ള ഒരു കൊച്ചു കിളി . അതിന്റെ ചുവന്ന ചുണ്ടുകൾ . ഞങ്ങൾ ഊഞ്ഞാൽ കെട്ടാറുള്ള ചക്കപ്പഴ മരം . ഈ മരത്തിൽ നിറയെ ചക്കപഴമുണ്ടാവാറുണ്ട് . മൂക്കുമ്പോൾ അത് പറിച്ചെടുത്തു വെണ്ണീർ കുഴിയിൽ ഒളിപ്പിച്ചു വെക്കും . ഈ മരത്തിൽ കയറിയാണ് വീടിനു പുറത്ത് കയറുന്നത് . മുറ്റത്തെ മൂവാണ്ടൻ  മാങ്ങാ ഓടിൻ പുറത്തേക്ക് ചാഴ്ഞ്ഞു നില്ക്കുന്നുണ്ടാവും . ചില ദിവസങ്ങളിൽ കിളികൾ കൊത്തിയിട്ട മാങ്ങാ മുറ്റത്ത് വീണു കിടക്കുന്നുണ്ടാവും . ഉമിക്കരി കൊണ്ട്  പല്ല് തേച്ചു .
 നെല്ല് കുത്ത് പുരയിലെ കഴുക്കോലിൽ തൂക്കിയിട്ട ഉമിക്കരി കൊട്ട ആടി കൊണ്ടിരുന്നു .

തൊട്ടടുത്ത ഖബർസ്ഥാനിൽ മുക്രി അസൈനാക്ക ഖബർ കുഴിക്കുന്നുണ്ട് . ആരോ ഒരാൾ മരിച്ചിട്ടുണ്ടാവും .
--------------
അന്ന് ഞാൻ കരുതിയത്‌ അസൈനാക്ക മരിക്കില്ല എന്നാണു . അസ്സൈനാക്ക മരിച്ചു പോയാൽ പിന്നെ ആരാണ് ഖബര് കുഴിക്കുക . അസൈനാക്കയുടെ മകൻ മജീദ്‌ എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചത് . ഒതയമംഗലം പള്ളിയിലെ ആഴമുള്ള കിണറിൽ നിന്നും വെള്ളം മുക്കി മരപാത്തിയിൽ ഒഴിക്കും അത് ഒലിച്ചു പോയി തൊട്ടടുത്തെ ഹൗളിൽ ചെന്ന് ചേരും . ഒരു തോര്ത്ത് മാത്രം ഉടുത്ത അസൈനാക്കയുടെ വാരിയെല്ലുകൾ കൃത്യമായി എണ്ണിയെടുക്കാൻ  കഴിയും . ആരെങ്കിലും മരിക്കുന്ന ദിവസം മജീദിന്റെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു . പള്ളിയിലെ പണി കഴിഞ്ഞാൽ അസൈനാക്ക വീടുങ്ങൾ കയറി ഇറങ്ങും തന്റെ കൈതൊഴിലുമായി . ഒരു മരപലക മുമ്പിൽ വെച്ച് അതിൽ ആളെ ഇരുത്തി മുടിയും താടിയും വെട്ടി കൊടുക്കും . അസൈനാക്കയുടെ കത്തിയും അസൈനാക്കയെ പോലെ തേഞ്ഞു വളഞ്ഞു ...
മുക്രി അസൈനാക്കയും കുട്ടിഹസ്സൻ മൊല്ലാക്കയും ഒതയമംഗലം ഖബര്സ്ഥാനവും മറക്കാനാവുന്നില്ല . പള്ളിപറമ്പിൽ നിറയെ പറങ്കി മാവുകൾ .
----------------
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കീരന്തോടി അഹമദ് കുട്ടിയാക്കയുടെ കടയുടെ മുമ്പിൽ ഒരു ആൾ കൂട്ടം .ഞങ്ങൾ അങ്ങാടിയിലെ വലിയ ചീനി മരത്തിന്റെ വേരിൽ കയറി നിന്ന് നോക്കി . കാലുകൾ വിറച്ചു . കുറെ ആളുകള് വട്ടം കൂടി നിന്ന് ഒരാളെ തലങ്ങും വിലങ്ങും അടിക്കുന്നു . ഒന്നും മനസ്സിലായില്ല . ഒരു പ്രണയ കഥയിലെ ബാക്കി ഭാഗങ്ങൾ ആയിരുന്നു അത് . ചില മുഖങ്ങൾ ഇപ്പോഴും ഒര്മയുണ്ട് .  എൽ ആകൃതിയിൽ ഉള്ള സ്കൂൾ കെട്ടിടം ആദ്യത്തെ പള്ളിവകയുള്ള കെട്ടിടം . മുറ്റത്ത്‌ ചെമ്പരത്തിയും വളചെടിയും കൊമ്പുകൾ അങ്ങാടിയിലേക്ക് തൂങ്ങി നില്ക്കും . ശീമ കൊന്ന പൂക്കുമ്പോൾ കരിവണ്ടുകൾ അതിനെ ചുറ്റി സദാ മൂളി പറക്കും .
-----------------

ഗ്രാമത്തിന്റെ കാവല്ക്കാരനെ പോലെ കണക്കു പറമ്പൻ കുന്നു തലയുര്ത്തി നില്ക്കുന്നു . ഈ കുന്നിൻ പുറത്തേക്കുള്ള കൗമാര കാലത്തെ കൗതുക യാത്രകൾ അതീവ സാഹസികമായി തോന്നിയിട്ടുണ്ട് . ആദ്യം ഒരു ഇടവഴി മാത്രമായിരുന്നു അവിടെക്കുള്ള വഴി . കുത്തെനെയുള്ള കയറ്റം ആഴമേറിയ ഇടവഴി . ചൈനാ വന്മതിൽ പോലെ അതിന്റെ മുകളിലൂടെള്ള യാത്ര . നേരം പുലരുമ്പോൾ ഗ്രാമത്തിലെ കന്നുകൾ ഈ കുന്നിൻ തടത്തിൽ മേയാൻ എത്തും . നിറഞ്ഞ വയറുമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അവ ആലകളിൽ വന്നെത്തും . ചാണകവും ചളിയും നിറഞ്ഞ ഇടവഴികൾ . വീട്ടു മുറ്റത്ത്‌ നിന്നാൽ വൃക്ഷ തലപ്പിലൂടെ ദൂരെ കുന്നിൻ പുറത്ത് നിന്നും ചിലര് ഇറങ്ങി വരുന്നത് കാണാം. ആദ്യം ഒരു ചെറിയ ബിന്ദു പിന്നെ അത് പള്ളി പമ്പിലെ വഴിയിൽ വന്നു ചേരും . പറങ്ങോടനും കീരനും അത് വഴി എത്ര കയറി ഇറങ്ങി . ആദ്യം പെരുവാംപറമ്പത്ത് നിന്നും നേരെ കുത്തനെ ഒരു ചവിട്ടു വഴി മാത്രം . ചുറ്റും തൊട്ടാ വാടി ചെടികൾ നിറഞ്ഞു നിൽക്കുന്നു . മുകളിൽ കരിമ്പാറ കൂട്ടങ്ങൾ . എല്ലാം കഴിഞ്ഞു കുന്നിൻ തടം . കാടുകളും പാറ കെട്ടുകളും ഉള്ള വിശാലമായ കുന്നു .

ഇവിടയാണ് ഈ ഗ്രാമത്തിനു ഒരു ഹൈ സ്കൂൾ അനുവദിച്ചു കിട്ടുന്നത് . യു പി സ്കൂൾ പഠനത്തിനു ശേഷം വിദ്യാഭ്യാസം മുടങ്ങി കിടന്ന പലരും കുന്നു കയറി തുടങ്ങി . പടിഞ്ഞാറ് നിരന്നു നിന്ന കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു . ഒരു ഗ്രാമം ഉയര്ന്നു പഠിക്കാൻ തുടങ്ങി . എന്നാൽ സ്കൂൾ നടത്തിപ്പിനെ ചൊല്ലി ഉമ്മർ ഹാജിയും ഇസ്ലാഹിയാ മനാജ്മ തര്ക്കം തുടങ്ങി .അന്ന് മുതൽ തുടങ്ങി ഈ ഗ്രാമത്തിന്റെ വഴിത്തിരുവുകൾ . എഴുപതുകളുടെ അവസാനം തൊട്ടു ഗൾഫിലേക്കുള്ള ഒഴുക്ക് ഈ ഗ്രാമത്തിന്റെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുത്തി . പിന്നെ സ്ഥാന മാനങ്ങല്ക്കുള്ള വഴക്കും വക്കാണവും .

ഇനി പഴയ ഗ്രാമത്തിന്റെ സ്വച്ഛമായ അന്തരീക്ഷം അയവിറക്കി ........


No comments: