Thursday, June 30, 2011

യമന്‍ ഒരു ഓര്‍മ കുറിപ്പ് .

വീണ്ടും അലച്ചിലിന്റെ നളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ അവസ്ഥയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാം അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രസിടന്റ്റ് . ചരിത്രം മാറുന്നു. മാറിയേ തീരൂ.

ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.

ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാടിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു വീണു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരഞു അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല.

നീണ്ട കാത്തിരിപ്പിന് ശേഷം അയാള്‍ വന്നു . എനിക്ക് ഒരു ജോലിവാഗ്ദാനവുമായി . ബാബുയമെന്റെ അരികില്‍ വെച്ച് നൂര്‍ അയാളെ എനിക്ക് പരിചയപെടുത്തി.
" ഡോക്ടര്‍ അബ്ദുള്ള ,മാരിബിലാണ് . പേടിക്കേണ്ട ഇയാള്‍ മലയാളിയാണ് . ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഒന്നിച്ചു കള്ള ലോഞ്ചില്‍ കയറി , നാട് വിട്ടു വന്നവരാണ് . തെക്കന്‍ യെമനിലെ ഹലരില്‍ മൌത്ത് വഴി ഏദന്‍ എന്നപട്ടണത്തില്‍ വന്നത് ഞങ്ങള്‍ മൂന്നു പേരാണ്. അബ്ദുള്ള അവിടെ ഒരു ഇന്ത്യന്‍ വംശജന്റെ ക്ലിനിക്കില്‍ ജോലിയില്‍ കയറി കൂടി ചികില്‍സയൊക്കെ പഠിച്ചു . അവസാനം അയാളുടെ മകളെ കല്യാണവും കഴിച്ചു. പിന്നീട് മാരിബിലേക്ക് പോന്നു.
ഇവിടെ നിന്നും ഒരു പകല്‍ യാത്ര ചെയ്‌താല്‍ മാരിബില്‍ "
ഒന്നും ആലോചിക്കാന്‍ നിന്നിട്ട് കാര്യമില്ല. മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവിടെ വന്നിട്ട്. ഒരു ജോലിയും ഇവിടെ ലഭിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞിരുന്നു. ഞാന്‍ പോകാന്‍ തയ്യാറായി . താമസ സ്ഥലത്ത് പോയി ബാഗുമായി വന്നു. മദ്രാസി നൂര്‍ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . അബ്ദുള്ളയും നൂറിനെ പോലെ മതം മാറി യതാണ് . നാടിനെ കുറിച്ച് യാതൊരു ചിന്തകളും അവര്‍ക്കില്ലായിരുന്നു. അവര്‍ എല്ലാം മാറി കഴിഞ്ഞിരുന്നു. വേഷം പോലും യമാനികളുടെത് . അബ്ദുള്ളയുടെ മലയാളത്തിനും പരിക്ക് പറ്റി തുടങ്ങിയിട്ടുണ്ട് . എന്നാലും ഒരു നാട്ടുകാരനെ കൂടെ കിട്ടിയതില്‍ അദ്ദേഹം സന്തോഷിച്ചിരുന്നു .
ദൂരെ ഗ്രാമങ്ങളില്‍ നിന്നും ചരക്കു വാങ്ങാന്‍ എത്തുന്ന ലോറികള്‍ നിര്‍ത്തിയിടുന്ന മൈതാനത്തേക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു.

No comments: