Friday, March 16, 2012

ചിറക് ഒടിഞ്ഞ പക്ഷി

സ്നേഹം നഷ്ടപ്പെട്ടവന്‍ ചിറകൊടിഞ്ഞപക്ഷിയായ്‌ മാറുമെന്നു റൂമി പ്രവചിക്കുന്നു.. വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍ ആസ്വദിക്കുവാനുള്ള ഹൃദയം വേണം. റൂമി തുടര്‍ന്ന് ചൊല്ലുന്നു, പ്രതിഛായ ഉണ്ടാവില്ലെങ്കില്‍ പിന്നെ കണ്ണാടിയെന്തിന്!
കളങ്കിത ഹൃദയത്തില്‍ പ്രണയം പാറില്ല. ഒട്ടുമേല്‍ ഈര്‍പ്പമില്ലാത്ത വരണ്ട നിലത്ത് എങ്ങനെയാണ് വിത്ത്‌ മുളക്കുക. അത് പോലെ പൊടിയാല്‍ മറഞ്ഞിരിക്കുന്ന ഹൃദയത്തില്‍ പ്രണയവും.. സ്നേഹത്തിന്റെ ചെറുകാറ്റുപോലും കിട്ടാത്ത ഇടങ്ങളിലൂടെ വെറും ആത്മാവില്ലാത്ത ഉടലുകളിലേക്ക് ചുരുങ്ങുന്നു മനുഷ്യന്‍ ..

ഉപനിഷത്തും കുര്‍ആനും ഒന്നായി അനുഭവിക്കണമെങ്കില്‍ ചട്ടകൂടുകള്‍ ഉപേക്ഷിക്കണം. കുര്‍ ആനെ സമീപിക്കുന്നവന്‍ ആദ്യമായി കാണുന്നതോ മുസല്‍മാന്റെ താടി. ഉപനിഷത്തിനരികെ എത്തുമ്പോള്‍ കാവിയും.
അല്ലയോ മനുഷ്യാത്മാവേ ബിംബങ്ങളില്‍ നിന്നും മുഖം തിരിക്കുക. മുന്‍ വിധികളോട് രാജിയായി കുര്‍ ആനേയും ഉപനിഷത്തിനെയും ഗ്രന്തങ്ങളായി കാണുക. കലത്തിലെത്തിയ അന്നം ഹിന്ദുവിന്റെയോ മുസല്മാന്റെയോ എന്ന് തിരയാതെ കുടിക്കുന്ന പശുവില്‍ നിന്നും പഠിക്കുക.
നീയെന്തിനാണിങ്ങനെ ചട്ടക്കൂടുകളില്‍ നിന്നെ ഹോമിക്കുന്നത്. ചട്ടക്കൂടുകള്‍ക്കൊരു മന്ത്രമേയുള്ളൂ , എന്റേത് മാത്രം ശരി, നിന്റേതു തെറ്റ്...
ആത്മാവ് ഉടലിന്റെ തടവില്‍ പെടുന്നത് പോലെ മനുഷ്യന്‍ പൂര്‍ണമായും മതങ്ങളുടെ തടവില്‍ ... തടവില്‍ പെടുന്നതോടെ കാഴ്ച്ചക്ക് പരിതി നിശ്ചയിക്കപ്പെടുന്നു. ആത്മാവോ പരിതിയില്ലാത്ത ആകാശം തേടുകയും. ആത്മാവ് എന്താണോ കൊതിക്കുന്നത് അതല്ല ബോധ മനുഷ്യന്‍ തേടുക. ആത്മാവോ വിശന്നു വലയുകയും.. എത്രമേല്‍ കിട്ടിയിട്ടും ആഗ്രഹമൊഴിയാതെ..
ആത്മാവിനെ സത്തയുടെ അകക്കാമ്പെന്ന് അടയാളപ്പെടുത്തട്ടെ.
ഉള്ളിലേക്കുള്ള സഞ്ചാരത്തെ ഉള്ളിയുടെ തോടുകള്‍ പിഴുത് ആ അകക്കാംബില്‍ എത്തുന്നതായി കുറിക്കട്ടെ.
എങ്കില്‍ നാം നമ്മെ ഉരിഞ്ഞുരിഞ്ഞ് ചെല്ലുക.
അവിടെ ഒറ്റപ്പെട്ടൊരു ദ്വീപില്‍ മുനിഞ്ഞു കത്തുന്ന വിളക്ക് പോലെ ആത്മാവ്.
നീയെന്നില്‍ ആവേശിച്ച നാളില്‍ ഞാന്‍ എങ്ങനെയാണോ ആളി കത്തിയത് അത് പോലെ ആ നാളവും.
പിന്നെയെങ്ങും വെളിച്ചമയമല്ലോ!

No comments: