സൂഫിസം
======
പ്രണയം അനുഭവിക്കാനുള്ളതാണ്, പദങ്ങള്‍ക്കു വഴങ്ങാത്ത ഭാഷയോടെ അത് ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ തേടിയലയുന്നു.. കണ്ണിനു കാണാനോ നാവിനു രുചിക്കാനോ ആവാത്ത ഒന്ന്. പ്രണയം സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെ അത് സ്വതന്ത്രമായ ഇടങ്ങളെയാണ് ഇഷ്ടപ്പെടുക.
പ്രണയം തന്നെയാണ് പരാശക്തിയും. പരാശക്തിക്ക് മനുഷ്യനെ തടവില്‍ ഇടാന്‍ ആവുമോ? മതങ്ങള്‍ക്ക് അതിനാവുന്നുണ്ട്. പരാശക്തി അത് വിരോധിക്കുകയും.
അത് തടവില്‍ ആവാന്‍ ഇഷ്ടപ്പെടാത്തത് പോലെ മറ്റൊന്നിനെ തടവില്‍ പാര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നില്ല.
നാം കാണുന്ന ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ട്. അത് ഭൂമിക്കു അടിയിലോ ആകാശത്തിനു അപ്പുറമോ അല്ല. അത് ആന്തരീകമായ തലമാണ്. ഓരോ വ്യക്തിക്ക് ഉള്ളിലും മറ്റൊരു വ്യക്തി ഉള്ളതും ആ വ്യക്തി കാണാവുന്ന വ്യക്തിയോട് എതിരിടുന്നതും. അപ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ സത്യമായിട്ടുള്ളത് നമുക്ക് കാണാവുന്ന ഉടല്‍ അല്ല. അത് ആന്തരീക മനുഷ്യന്‍ തന്നെ. കാണാവുന്ന മനുഷ്യന്‍ ദെഹെശ്ചയുടെ , അഹങ്കാരത്തിന്റെ കൂടാണ്. ആ അഹങ്കാരത്തെ ഇശ്ചകളെ വെടിയുംബോഴാണ് ആന്തരീക തലത്തെ അറിയാനാവുക. ഒരാള്‍ തന്റെ ദെഹെശ്ചയൊട് യുദ്ധം ചെയ്യുന്നതിനെയാണ് അറബി പദമായ ജിഹാദ് എന്ന് പറയുന്നത്. അതിന്റെ അര്‍ഥം ചിലയിടങ്ങളില്‍ വിശുദ്ധ യുദ്ധം എന്ന് കാണുന്നു. ചിലര്‍ ആ പദം ദുരുപയോഗം ചെയ്തു സഹ ജീവികളെ കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്നു. മറ്റു ചിലരോ അതേ പദം കൊണ്ട് ഒരു സമുദായത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. ബിന്‍ ലാദനും അമേരിക്കയും ആ പദത്തിന്റെ വക്താക്കള്‍ ആണെന്ന് ഓര്‍ക്കുക. യുദ്ധം ചെയ്യുന്നവനും അതിനു പ്രേരിപ്പിക്കുന്നവനും അഹങ്കാരത്തിന്റെ, ദെഹെശ്ചയുടെ ഇടപെടല്‍ തന്നെ. ഇക്കാലത്ത് മതങ്ങളെ പോറ്റുകയും ദൈവത്തിന്റെ സംരക്ഷകര്‍ എന്ന് നടിച്ചു സമൂഹത്തെ ഭരിക്കുകയും ചെയ്യുന്നവര്‍ ഉടലിന്റെ ദാഹം അല്ലാതെ മറ്റെന്ത്! കണ്‍ മുന്നിലെ ദാരിദ്ര്യം കാണാതെ മറു ലോകത്തെ സ്വര്‍ഗത്തെ കുറിച്ചാണ് അവര്‍ വാചാലരാകുക. അത് കൂടുതല്‍ ഭൌതീക വല്ക്കരണമോ, നരക വല്ക്കരണമോ ആണ്. എന്നാല്‍ യഥാര്‍ത്ഥ ശാന്തി അവനവനില്‍ ഇരിക്കെ നാം നിഴലുകള്‍ക്ക് പുറകെ വച്ച് പിടിക്കുകയാണ്. അശാന്തരായി കാലത്തിന്റെ പെരുവഴിയില്‍ പരക്കം പായുകയും. ഉള്ളിന്റെ ഉള്ളിലെ ആരാധനാലയം വെടിഞ്ഞു കല്ല് കൊണ്ട് പണിത കെട്ടിടങ്ങളിലേക്ക് ഓടുന്നു. അങ്ങനെ ഓടി തീരുന്ന ജീവിതങ്ങളാണ് ചുറ്റിലും.
1244 ല്‍ ഷംസുദ്ദീന്‍ എന്ന സൂഫി കൊന്യയില്‍ എത്തുമ്പോള്‍ റൂമി മതാധ്യാപകന്‍ ആയിരുന്നു. അവര്‍ തമ്മിലുള്ള കാഴ്ച റൂമിയില്‍ വല്ലാത്തൊരു ചലനം ഉണ്ടാക്കി. രണ്ടു നദികള്‍ രണ്ടിടങ്ങളില്‍ നിന്നും ഒഴുകി വന്നു താഴ്വരയില്‍ ഒരുമിച്ചു പതിക്കുന്നത് പോലെ, അവിടെ ഒന്നാകുന്നത്.. ആ കൂടി ചേരലിനെ രണ്ടു സമുദ്രങ്ങള്‍ കൂടി ചേര്‍ന്ന് എന്നാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നീ നിനക്കുന്നു
പ്രശ്നങ്ങള്‍ക്കാധാരം
നീയെന്ന്.
നീ കവാടത്തിന്റെ തുറക്കാനാവാത്ത
പൂട്ടെന്നും .
എന്നാല്‍ പ്രശ്നപരിഹാരാവും താക്കോലും നാം തന്നെയായിട്ടും നാം ഇടുങ്ങിയ ഇടത്ത് അടഞ്ഞു കൂടുന്നു. കാരണം നാം നമ്മുടെ ആസക്തികള്‍ക്കു തടവില്‍ പെട്ടിരിക്കുന്നു. സ്വന്തം മുഖവും സൌന്ദര്യവും കാണുന്നില്ല ,
നിനക്ക് മറ്റൊരാളാകാന്‍ മോഹം !
മുഖത്തേക്കാള്‍ സുന്ദരമായി മറ്റൊന്ന് കണ്ടെത്താനാവില്ലെന്ന്. സൂഫി പാടുന്നു...
ഒരുവേള റൂമിയെ തേടി ഷംസുദീന്‍ പുറപ്പെട്ടിരിക്കാം. അങ്ങനെ ഒരാള്‍ വരാനുണ്ടെന്ന ബോധം റൂമിയില്‍ പണ്ടേ ഉണ്ടായിരിക്കാം. അതായത് തന്റെ ആത്മാവിന് ഒരു വിടവുണ്ടെന്നും അത് നികത്താന്‍ അതിനോടൊത്ത ഒന്ന് വന്നു ചേരുമെന്നും അറിയുക. തന്റെ അപൂര്‍ണത എന്താണോ അതുതന്നെയാണ് ഷംസുദ്ദീനില്‍ റൂമി ദര്‍ശിച്ചത്. അതോടെ അതുവരെ ഉണ്ടായിരുന്ന റൂമിയുടെ ജീവിതം തകിടം മറിഞ്ഞു. അവിടെ ദര്‍ശിക്കാവുന്നത് രണ്ടു വ്യക്തികളുടെ സംഗമമല്ല; രണ്ടു ഉടലുകളിലായി നിലനില്‍ക്കുന്ന രണ്ടു മനുഷ്യരുടെ, ആത്മാക്കളുടെ ലയം. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ആ മനുഷ്യന്‍ , ആത്മാവ് പരാശക്തിയുടെ ഭാഗം തന്നെ. യാതൊരുവന്‍ സ്പര്‍ശിക്കുന്നത് ആ ആന്തരീക ചൈതന്യത്തെയാണോ അത് പരാശക്തി തന്നെയാണ്. ആ ചൈതന്യങ്ങള്‍ തമ്മിലാണ്, ആ ആന്തരീക മനുഷ്യര്‍ തമ്മിലാണ് അറിഞ്ഞത്. അവിടെ ഉടലിനു പ്രത്യേകിച്ചൊന്നുമില്ല.
പ്രണയം ദൈവദത്തമാണ് എന്ന് റൂമി. അതിനു തടവില്‍ കിടക്കാന്‍ ആവില്ല. അത് അനശ്വരമായി നിലനില്‍ക്കുകയും... . പ്രണയത്തെ തേടുന്നവന്‍ ജനിമൃതികളുടെ ചങ്ങലകളില്‍നിന്നും രക്ഷനേടുന്നു.
No comments:
Post a Comment