Wednesday, October 15, 2008

എളേമ വിരുന്നു വന്നപ്പോള്‍ ...

ഒതയമംഗലം ജുമാ‍ത്ത് പള്ളി എന്റെ തറവാ‍ടായ കാനകുന്നത്തെ വീട്ടുമുറ്റത്ത് നിന്നു നോക്കിയാൽ കാണാം. ഖബറിസ്താനിലെ പറങ്കിമാവുകൾക്കിടയിലൂടെ ഒറ്റയടി പാത അവസാനിക്കുന്നത് ഒരു ഇടവഴിയിലേക്കാണു. അവിടെ നിന്നും ഒരു പാലം കടന്നു വേണം കാനക്കുന്നിലെ പറമ്പിലെത്താൻ. പള്ളിപറമ്പിലെ മീസാൻ കല്ലുകൾ എനിക്കു സുപരിചിതമാണെങ്കിലും മഗ് രിബ് കഴിഞു ഇരുട്ട് പരന്നാൽ അതു വഴി നടക്കാൻ എനിക്കു പേടിയാണു. ആ സമയത്തായിരിക്കും മരിച്ചുപോയ പലരെയും ഓർമ്മ വരുന്നതു. മീസാൻ കല്ലുകൾക്കും അതിനോടു ചേർന്ന് വളർന്നു വരുന്ന കള്ളി ചെടികൾക്കും രൂപ മാറ്റം വന്നു ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകമായി ഖബർസ്താൻ മാറും. ആ സമയം കാലുകൾ കുഴഞു പോകും , ഹ്രിദയമിടിപ്പ് വ്യക്തമായി കേൾക്കാം. മദ്രസയിൽ നിന്നും പഠിച്ച എല്ലാ പ്രാർഥനകളും ഉറക്കെ ചൊല്ലാനുള്ള ശ്രമം പലപ്പോഴും വിജയിക്കാറില്ല. തൊണ്ട വറ്റിവരണ്ടിരിക്കും.

ഒരിക്കൽ ആർക്കോ വേണ്ടി മുൻക്കൂട്ടി കുഴിപ്പിച്ചു വെച്ച ഖബറിൽ നിന്നും തീ ആളി കത്തുന്നു. അടുത്തുള്ള പനയിൽ നിന്നും വാവലുകൾ പറന്നു പോകുന്ന ചിറകടി ശബ്ദം. അന്നു ബോധമറ്റു വീണ എന്നെ രാത്രി ദർസു കഴിഞു വരുന്ന അയൽ വാസി അബ്ദുല്ലയാണു കണ്ടത്. രണ്ടു ദിവസം പനിയും വിറയലും വിട്ടു മാറിയില്ല. കണക്കു പമ്പിലെ കുന്നിൻ ചരുവിൽ താമസിക്കുന്ന ചന്തപ്പായിയാണു എന്നെ മന്ത്രമൂതി ശരിപ്പെടുത്തിയത്. ചന്തപ്പായി നാട്ടിൻ പുറത്തെ ഏക വൈദ്യൻ. അമ്മായിയാണു അവരെ വിളിച്ചു കൊണ്ടുവന്നത്. “ കുട്ടി എന്തോ കണ്ടു പേട്ച്യരിക്കുണു” ചന്തപ്പയി പറയുന്നു കേട്ടു.പിന്നെയും ചന്തപ്പായി കുറെ മന്ത്രം ജപിച്ചു എന്റെ മുഖത്തൂതി കൊണ്ടിരുന്നു. അയാളുടെ തുപ്പൽ എന്റെ മുഖത്തു തെറിക്കുന്നുണ്ടായിരുന്നു. പിന്നെ പാലം കടന്നു രാത്രി ഒറ്റക്കുള്ള യാത്ര ഞാൻ മതിയാക്കി. ആഴമേറിയ ആ ഇടവഴികൾ കന്നുകാലികൾക്കു മാത്രമുള്ളതായിരുന്നു. ചാണം നിരഞ വഴികൾ . പല ഭാഗത്തു നിന്നും കൂടി ചേർന്ന് ഇടവഴി അവസാനിക്കുന്നതു കുന്നിൻ പുറത്തെ വിശാലമായ മേച്ചിൽ പുറങളിൽ.

പിന്നീടു ഉമ്മ എന്നും ഓർമിപ്പിക്കും രാത്രിയായാൽ പള്ളിപറമ്പിലൂടെ നടക്കരുത്. ഒരു ദിവസം ഞാൻ ഉമ്മയോട് ഞാൻ ചോദിച്ചു “ ഖബറിൽ നിന്നും എന്താ ഉമ്മാ തീആളുന്നത് ? “


അതു ഖബറിൽ കിടക്കുന്നവരെ പടച്ചോൻ ശിക്ഷിക്കായിരിക്കും , ജി മിണ്ടാതെ പോയി കിടന്നോ ? പടച്ചോനെ എന്തൊരു തീയാ, പനയോളം ഉയരത്തിൽ.... ഞാൻ ആരൊടെന്നില്ല്ലാതെ പറഞു കൊണ്ടിരുന്നു.


വർഷങൾ കടന്നു പോയി . ഒരു ദിവസം ഹൈസ്ക്കൂ‍ളിൽ സയൻസ് പഠിപ്പിച്ചിരുന്ന റസാക്ക് മാസ്റ്ററോട് ഞാൻ ചോദിച്ചു . “ മാസ്റ്റേ ഖബറിൽ നിന്നും തീ ഉയരുന്നത് എന്താ കാരണം ?


മാസ്റ്റർ ചിരിച്ചു. “ മനുഷ്യ ശരീരം വെറും മാംസവും രക്തവും മാത്രമല്ല ഫൊസ്ഫറസു പോലെയുള്ള പല വസ്തുക്കളും അടങിയതാണു. ഫൊസ്ഫറസ് വായുമായി കൂടി ചേർന്നാൽ കത്തും. “


പിന്നെ ഓരോ വർഷവും പുതിയ അറിവുകൾ തേടിയുള്ള യാത്ര ഭയം തീരെ വിട്ടു മാറി കൊണ്ടിരുന്നു. നിലാവിൽ വാഴയിലകൾ ഇളം തെന്നലിൽ ഇളകിയാടുമ്പോൾ പ്രേതങളാണെന്ന തോന്നൽ . രാത്രി പള്ളി കാട്ടിലെ പടുമരങളിലിർരന്നു കൂമൻ മൂളിയാൽ വല്യുമ്മ പറയും “ നാളെ ആരെ റൂഹാ പിടിക്ക്യാ പടച്ചോനെ.? “ കൂമൻ മൂളുന്നതും രാത്രി പൂച്ചകൾ കടി പിടി കൂടുന്നതും നല്ലതല്ലെന്നു പഴയ ആളുകൾ പറയുമായിരുന്നു. തറവാട്ടു മുറ്റത്തെ പശു അമറുന്നതു കേട്ടാൽ , പള്ളിപറമ്പിൽ പുതുതായി മറവു ചെയ്ത ഖബറിൽ പശു കാതോർക്കുന്നതു കണ്ടാൽ ...... എതിർ പോക്കിന്റെ “വരവും പോക്കും “

ജന്തുക്കൾ മനസ്സിലാക്കുമത്രെ. ഈ പള്ളിയും പള്ളിക്കാടും ഇതു പോലെ എന്നെ കുട്ടികാലത്ത് ജിന്ന് ലൊകത്തേക്കും അഭൌദിക ലോകത്തേക്കും എത്രപ്രാവശ്യം കൂട്ടികൊണ്ടു പോയി. പാതാള ലോകത്തെ ശിക്ഷകൾ കാണിക്കുന്ന ഒരു കലണ്ടർ അന്നു വീട്ടിലെ ചുമരിൽ തൂങി കിടന്നതു ഓർമയുണ്ട്. നരകത്തിന്റെ കാവൽ കാർ ഈർച്ചവാൾ കൊണ്ടു പാപികളെ ഈർന്ന് മുറിക്കുന്ന ചിത്രം
കരുണ നിറഞ ദൈവത്തിന്റെ ചിത്രം മനസ്സിൽ ആരും വരച്ചു വെക്കാൻ ശ്രമിച്ചില്ല.


അതുകൊണ്ടു തന്നെ ബാല്യ മനസ്സിൽ കൂമനും കരിമ്പൂച്ചയും ശിക്ഷയുടെ പ്രതീകങളായി കുടിയേറി വന്നു.


അക്കരെ നിന്നും ഇടക്കു കാനക്കുന്നത്തേക്കു വിരുന്നു വരാറുള്ള ഒരു ബന്ധത്തിലെ ഏളേമയുണ്ടായിരുന്നു. അക്കരത്തെളേമ എന്നാണു ഞങൾ വിളിക്കാറ്. ആ എളേമ വരുമ്പോൾ എന്തെങ്കിലും ഒരു പൊതിയും ഉണ്ടാവും. ഒന്നുകിൽ കടലമിഠായി അല്ലെങ്കിൽ നെയ്യപ്പം. പിറ്റേ ദിവസം എളേമ പോകുമ്പോൾ ഒരു ഓട്ടമുക്കാലും തരും. വല്ലാത്ത സ്നേഹമായിരുന്നു അവർക്കു ഞങളൊട്. അതിനേക്കാളേറെ അവർ പറഞു തന്ന പഴയ കാല ഖിലാഫത്തു സംഭവങൾ. പള്ളി മിമ്പറിൽ ബ്രിട്ടീഷു പട്ടാളത്തിന്റെ വെടി യുണ്ടയുടെ പാടുകൾ ഞാൻ കണ്ടതോർക്കുന്നു. പിന്നെയും അവർ പറഞു തന്ന കഥകൾ . വേലന്കടവത്ത് പുഴ കരയില്‍ ഓലമേഞ്ഞ മണ്ണ് തേച്ച ഒരു കൊച്ചു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത് . വീടിനു ചുറ്റും ഒരു പാടു പനകള്‍ ഉണ്ടായിരുന്നു. കുറെ പ്രായ മായിട്ടും അവർ അക്കരെ വേലങ്കടവിൽ നിന്നും തോണി കയറി കാനക്കുന്നത്ത് വരുമായിരുന്നു.

അവരും കൊടിയത്തൂരിലെ പള്ളിക്കാട്ടിലേക്കു കഴിഞ വർഷം യാത്രയായി.

5 comments:

siva // ശിവ said...

ഒരു നാള്‍ നാമും എല്ലാം ഉപേക്ഷിച്ച് മടങ്ങിയേ തീരൂ...

Joker said...

----അയാളുടെ തുപ്പൽ എന്റെ മുഖത്തു തെറിക്കുന്നുണ്ടായിരുന്നു.---

:)

smitha adharsh said...

ഖബറില്‍ നിന്നും ശരിക്കും തീയാളുമോ?
ശൈശവത്തിലെ ബാലിശമായ തോന്നലുകളില്‍ ഒന്നായിരുന്നോ അത്?
നന്നായി എഴുതിയിരിക്കുന്നു...

Unknown said...

സ്മിതാ..
അല്ല ശരിക്കുമുള്ള അനുഭവങളാണു ഇവിടെ കുറിച്ചിട്ടതു. പലരും ഇതു പോലെ കണ്ടിട്ടുണ്ട്.
പഴയ കാലത്തു ഇതിനു കുറ്റിച്ചൂട്ട് എന്നും പറയാറുണ്ടത്രെ. ...
നന്ദി സ്മിതാ...

Anonymous said...

Hi smitha,

It is actually a chemical reaction between phosphorous (inside human bones) and oxygen