Friday, June 27, 2008

കലയോട് എന്തിനീ വിമുഖത ?

ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.

യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ്‌ ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. "അല്ലാഹു... അല്ലാഹു.." എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ്‌ ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു.

ഒരു ചായപോലും നമ്മോട് തിരിച്ചാവശ്യപ്പെടാത്ത , നിസ്വാര്‍ത്ഥനായ , എത്രയോ ഉദാരനായ ദൈവം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാരില്‍ വലിയൊരു വിഭാഗവും പാട്ടുകേള്‍ക്കാറില്ല.

പുസ്തകം വായിക്കുന്ന ശീലം പോലും അവരില്‍ പലര്‍ക്കും ഇല്ല. വയനാട്ടിലും ചങ്ങരംകുളത്തിലുമായി നടന്ന മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്ന ഒരു മുജാഹിദ് സുഹൃത്തിനോടു ചോദിച്ചു:
"എന്താണനുഭവം?"
സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. :

" ഒരുപാട് ഖുതുബകള്‍ വെള്ളിയാഴ്ചത്തെ (ജു മു അ) പ്രസംഗം ഒന്നിച്ചുകേട്ട അനുഭവം. അതിലപ്പുറം ഒന്നുമില്ല."
സുഹൃത്തിനെ യു ട്യൂബില്‍ ഉസ്താദ് ഫതേഹ് അലിഖാന്റെ പാട്ടു കേള്‍ക്കാന്‍ ക്ഷണിച്ചു. പാട്ടിന്റെ അവസാനം, ശ്രോതാക്കളിലൊരു മദാമ്മ 'അല്ലാഹു' എന്ന് താളത്തോടെ ഉരുവിടുന്നതു കണ്ടപ്പോള്‍ സുഹൃത്ത് ആശ്ചര്യപ്പെട്ടു.

പാട്ടിലൂടെ അല്ലാഹുവിനെ അറിയുന്ന അനുഭവം. തീര്‍ച്ചയായും ഹൃദ്യമായൊരു വൈകാരികത അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

മതബോധവും മതബാധയും

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ എന്ന് ആരെയാണ്‌ സംബോധന ചെയ്യുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മുസ്ലീങ്ങളെ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കാന്‍ അവരെ ഈമാനുള്ള വിശ്വാസികളാക്കി തീര്‍ക്കാന്‍ മുജഹിദ് നേതാക്കളെല്ലാം ദൃഢപ്രതിജ്ഞ എടുത്തിട്ടുണ്ട്. മതബോധം നല്‍കുക എന്നത് വിശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ മുസ്ലീങ്ങളെ സ്വര്‍ഗ്ഗത്തിന്റെ നേരവകാശികളാക്കാന്‍ തുനിയുന്ന അവരെ കുറ്റപ്പെടുത്തുക സാധ്യവുമല്ല.

പക്ഷേ, പാട്ടില്ല. സര്‍ഗാത്മകതയുടെ ഒരിറ്റു വെള്ളം പോലും ഈ മതച്ചെടിക്കു പകര്‍ന്നു നല്‍കുന്നില്ല.

എന്തുകൊണ്ടാണ്‌ മലയാളി മുസ്ലീംങ്ങളുടെ ഇടയില്‍ നിന്ന് മത സംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നത്? എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മനോഹരമായ 'മൊഹിയുദ്ധീന്‍ മാല'യെക്കുറിച്ച് നിന്ദാപൂര്‍‌വ്വം പരിഹസിക്കുന്ന മുജാഹിദുകളെ നിങ്ങളുടെ സംഭാവന എന്താണ്‌? കലയെ എത്രകാലം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും? മതബോധമല്ല മതബാധയാണ്‌ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. മതബാധയില്‍ നിന്ന് വിമുക്തരായി, ദൈവത്തോട് ഏറ്റവും അടുത്ത സ്നേഹിതനെന്നപോലെ പെരുമാറാന്‍, ഉസ്താദ് ഫത്തേഹ്‌ അലിഖാന്റെ പാട്ടുകേള്‍ക്കുക. കവിതയോടടുക്കുമ്പോഴാണ്‌ മതത്തിന്‌ കൂടുതല്‍ രസം. ജമാഅത്തെ ഇസ്ലാമിയും സുന്നികളുമൊക്കെ , വൈകിയുദിച്ച വിവേകം കൊണ്ടെങ്കിലും , നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ചിന്തിച്ചു തുടങ്ങുന്നുണ്ട്. വളരെ വൈകാതെ തന്നെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ആന്തരികമായ യാതനകളെക്കുറിച്ച് അവരുടെ മീഡിയകള്‍ സംസാരിച്ചു തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ മുജാഹിദുകളെ സര്‍ഗാത്മകതയുടെ ഇടങ്ങളിലേക്ക് ആര്‌ നയിക്കും? പാട്ടുകാരെ തുണക്കുന്ന അല്ലാഹു ഇവര്‍ക്ക് ദിശാബോധം നല്‍കട്ടെ.
താഹ മാടായി ഉന്നയിച്ചിട്ടുള്ള ഈ വിഷയം ( സമയം ഓൺ ലൈൻ )വളരെ സമാധാനത്തൊടെ നാം ആലോചിക്കേണ്ടതു തന്നെ.
തീർച്ചയായും താഹയുടെ ഈ ആലോചന എനിക്കും വളരെ മുമ്പു തന്നെ ഉണ്ടായിരുന്നു. കലയിലൂടെയും മതത്തെയും ദൈവത്തെയും കണ്ടെത്താം. സൂഫി ഗായകരെ പൊലെ സ്നേഹത്തിന്റെ മതം ആരാണു ഇത്ര ആകർഷകമായി പരിചയപ്പെടുത്തിയതു.

4 comments:

ഒരു സ്നേഹിതന്‍ said...

ആ yu-ട്യുബിന്റെ ലിങ്ക് കൊടുത്തിരുന്നെന്കില്‍ ഉപകാരമായേനെ....

വ്യത്യസ്തമായ ബ്ലോഗ് ആശംസകള്‍...

siva // ശിവ said...

ഞാന്‍ കരുതുന്നത് മതം ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളായിരിക്കണം ഒരു പക്ഷെ ഇതിനൊക്കെ കാരണം.

തസ്ലിമയുടെ കാര്യം നോക്കൂ.

ഇനിയെങ്കിലും ഇതൊക്കെ മാറി വരുമെന്ന് നമുക്ക് ആശിക്കാം.

സസ്നേഹം,

ശിവ

Unknown said...

സ്നേഹിതന്‍ പറഞ്ഞപോലെ യു ട്യൂബ് ലിങ്ക് കൊടുക്കാമായിരുന്നു.

ഇസ്ലാം കലയോടും സാഹിത്യത്തോടും എങ്ങിനെ പെരുമാറുന്നു എന്ന് നമ്മുടെ ആളുകള്‍ മനസ്സിലാക്കണമെങ്കില്‍ ഇനിയും കാലങ്ങള്‍ കഴിയേണ്ടി വരും.

ചിന്തോദ്ദീപകങ്ങളായ ഇത്തരം പോസ്റ്റുകള്‍ ബ്ലോഗിനെ സന്പന്നമാക്കട്ടെ.

(പിണക്കമൊന്നുമില്ല. ഇടക്ക് നെറ്റില്‍ വരാത്തതു കൊണ്ട് ഈ പോസ്റ്റ് കണ്ട്ിരുന്നില്ല,)

മണിലാല്‍ said...

വന്നതില്‍ സന്തോഷം.വീണ്ടും കാണാം.